മത പണ്ഡിതനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു

കുന്ദമംഗലം: മത പണ്ഡിതനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടും മദ്‌റസാ അധ്യാപകനുമായ പതിമംഗലം ഉണ്ടോടിയില്‍ അഷ്റഫ് സഖാഫിയെയാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. അയല്‍വാസിയായ ഷമീറാണ് പ്രകോപനമില്ലാതെ അക്രമം നടത്തിയത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തലക്ക് വെട്ടിയപ്പോള്‍ കൈ കൊണ്ട് തടയുകയും പിന്നീട് ഓടുകയും ചെയ്തെങ്കിലും നിലത്തു വീണപ്പോള്‍ ക്രൂരമായി വെട്ടി പരുക്കേല്‍പിക്കുകയായിരുന്നുവെന്ന് അഷ്റഫ് സഖാഫി പറഞ്ഞു. സാരമായി പരുക്കേറ്റ അഷ്റഫ് സഖാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടുവാളുമായി വീട്ടിലെത്തിയ ഷമീര്‍ വീട്ടിലുണ്ടായിരുന്നകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കാന്‍ ശ്രമിക്കുകയും വീടിന്റെ ജനല്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അഷ്റഫ് സഖാഫിയെ അക്രമിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹിമാന്‍ ബാഖവി തുടങ്ങിയവര്‍ അഷ്റഫ് സഖാഫിയെ സന്ദര്‍ശിച്ചു.