പെരിന്തൽമണ്ണ ഇലക്ഷൻ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ അതീവശ്രദ്ധയോടെ സൂക്ഷിക്കേണ്ട പെട്ടി 121-ാം നമ്പർ 21-ാം നമ്പറായി


മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെട്ടിക്ക് സബ് ട്രഷറി അധികൃതർ നൽകിയ കോഡ് നമ്പർ 21. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സാമഗ്രികൾ സൂക്ഷിച്ച പെട്ടിക്ക് നൽകിയ നമ്പർ 121. ഇത് കൊടുക്കേണ്ടതിനു പകരം 21-ാം നമ്പർ പെട്ടി നൽകിയതാണ് 'പെട്ടിവിവാദ'ത്തിന് പിന്നിലെന്നാണ് നിഗമനം. സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഈ മാറിപ്പോകൽ മനസ്സിലാക്കിയത്.

സ്ട്രോങ്റൂമിൽ സൂക്ഷിക്കാൻ കൊണ്ടുവരുന്ന സാമഗ്രികൾ ഓരോന്നിനും കോഡ് നമ്പർ ഇട്ടാണ് ട്രഷറി ഓഫീസർ സൂക്ഷിക്കുക. സാമഗ്രി കൊണ്ടുവരുന്ന ആളിന് ഈ നമ്പർ ചേർത്തുള്ള രസീത് നൽകും. പിന്നീടിത് തിരിച്ചെടുക്കണമെങ്കിൽ ഈ രസീത് കൊണ്ടുവരണം. എഴുപതോളം ഇനങ്ങളാണ് സബ് ട്രഷറി സട്രോങ് റൂമിൽ സൂക്ഷിച്ചത്. ഇതിൽ നാൽപ്പതോളം എണ്ണം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്.

2020 അവസാനം നടന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ സാമഗ്രികൾ നശിപ്പിക്കാമെന്ന് സർക്കാർ നിർദേശിച്ചതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റെടുത്ത് നശിപ്പിക്കാൻ റിട്ടേണിങ് ഓഫീസറായ സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്. പ്രബിത് തന്റെ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി.എൻ. പ്രതീഷിനെ നിയോഗിച്ചു. 2022 ഫെബ്രവരി 10-ന് പ്രതീഷ് സബ് ട്രഷറിയിലെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ രേഖകൾ മൂന്നു പെട്ടികളിലായിരുന്നു. മറ്റ് രണ്ടുപെട്ടികളും നമ്പർ മാറിപ്പോകാതെ കിട്ടിയെങ്കിലും ഒന്നുമാറി. ഇതാകട്ടെ ഹൈക്കോടതി അതീവ ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് നിർദേശിച്ച, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെട്ടിയും.

ഇതിലെ സാമഗ്രികൾ സാധാരണ കത്തിച്ചുകളയുകയാണ് ചെയ്യുക. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാമഗ്രികൾ തത്കാലം സൂക്ഷിക്കാൻ കളക്ടർ ഉത്തരവിറക്കിയതുകൊണ്ടാണ് കത്തിക്കാതിരുന്നത്. സിവിൽസ്റ്റേഷൻ വളപ്പിൽ കത്തിക്കരുതെന്ന ശുചിത്വമിഷന്റെ ഉത്തരവും തടസ്സമായി. അതുകൊണ്ടാണ് പെട്ടിയിൽ സാമഗ്രികൾ തിരിച്ചെടുക്കാനെങ്കിലും കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍