രാത്രി യാത്ര വീണ്ടും അപകടത്തിലേക്ക്, പുതുവർഷ പുലരിയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 വിദ്യാർഥികൾക്ക് പരിക്ക്
ഇടുക്കി : പുതുവർഷ പുലരിയിൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി അടിമാലിയിലാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാൽപ്പത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായി പോയ സംഘമാണ് അപകടത്തിൽപെട്ടത്. അടിമാലി മുനിയറയിൽ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
വിനോദയാത്ര കഴിഞ്ഞ് തിരികെ വരും വഴിയാണ് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 1.15നാണ് അപകടമുണ്ടായത്. രാത്രിയിൽ വിനോദയാത്രാ സംഘത്തിന് യാത്ര ചെയ്യാൻ അടുത്തിടെ വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വടക്കാഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായത്. ഇതിന് പിന്നാലെ ടൂറിസ്റ്റ് ബസുകളിൻമേലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍