പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്


മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസി(32) നെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഏഴ് വര്‍ഷം കഠിന തടവും 45,000 രൂപയുമാണ് ഇയാള്‍ക്ക് വിധിച്ച ശിക്ഷ. പീഡനം നടത്തിയതിന് ഏഴുവര്‍ഷം കഠിന തടവ്, 25,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടുമാസത്തെ അധിക തടവ്, ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം തടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരു മാസത്തെ അധിക തടവ്, തട്ടിക്കൊണ്ടു പോയതിന് മൂന്നുവര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ഒരുമാസത്തെ അധികതടവ്, എന്നിങ്ങനെയാണ് ശിക്ഷ.

2015 നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറത്തെ പള്ളിയില്‍ നിന്നും തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു കുട്ടി. ആ സമയത്ത് തന്റെ ഓട്ടോയുമായി അതുവഴി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. ഓട്ടോ വീട്ടിനടുത്തെത്തിയപ്പോഴേക്കും പ്രതി കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയതോടെ കരയുന്നത് കണ്ട കുട്ടിയോട് മാതാവ് കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍