വയനാട്ടിലെ ജനവാസ മേഖലയിൽ കടുവ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, പ്രദേശത്ത് ജാഗ്രതാനിർദേശം


മാനന്തവാടി: വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്റ്റേഷൻ പരിധിയിലുള്ള പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശവാസിയായ തോമസ്(സാലു-50) പള്ളിപ്പുറത്തിന് കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.

തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യമായി കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ കടുവയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

സമീപപ്രദേശത്തൊന്നും വനം ഇല്ലാത്തതിനാൽ കടുവ ഇവിടെയെത്തിയത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍