ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻ സസ്പൻഷൻ ഒടിഞ്ഞു; യുവതി ഐസിയുവിൽ
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണിയിൽ അതിവേഗത്തിലാണ് പ്രചാരം നേടുന്നത്. ജനങ്ങൾക്കിടയിൽ സ്വീകാര്യത ഏറിയതിനു പിന്നാലെ ഇത്തരം വാഹനങ്ങളുടെ തകരാറുകളും വർധിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടറുകളിൽ അടുത്തിടെ മികച്ച വിൽപന കൈവരിച്ച മോഡലാണ് ഓല എസ്1 പ്രോ. പതിവു പ്രശ്നങ്ങൾക്കൊപ്പം പുതിയൊരു അപകടവാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. തന്റെ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് പർമർ എന്ന യുവാവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.
യുവാവ് ട്വിറ്ററിൽ പങ്കുവച്ചതിങ്ങനെ ‘ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ അവൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുന്നു. ആരാണ് സംഭവത്തിന് ഉത്തരവാദി?’ എന്നായിരുന്നു യുവാവിന്റെ ചോദ്യം.
ഓല എസ്1 പ്രോ എന്ന വാഹനത്തിന്റെ സസ്പെൻഷൻ സംബന്ധിച്ച പരാതി ഇതാദ്യമല്ല ഉണ്ടാകുന്നത്. ഇതേ വിധത്തിൽ അപകടങ്ങളെ തുടർന്ന് റൈഡർക്ക് ഗുരുതര പരുക്കേറ്റത് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ചെറിയ വേഗത്തിൽ പോലും സംഭവിക്കുന്ന അപകടങ്ങൾ ഗുരുതരമാണെന്ന വിധത്തിൽ മുൻപ് തന്നെ ട്വിറ്ററിൽ പരാതികൾ ഉയർന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഡിസൈൻ മാറ്റി യാത്രികരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍