നാല് കോടി രൂപയോളം വില വരുന്ന കസ്തൂരിയുമായി രണ്ടു പേർ താമരശ്ശേരിയിൽ പിടിയിൽ


താമരശ്ശേരി: കസ്തൂരി മാനിന്റെ കസ്തൂരിയുമായി രണ്ട് പേർ താമരശ്ശേരിയിൽ വനം വകുപ്പിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശി മുഹമ്മദ്, കോട്ടയം സ്വദേശി പ്രസാദ് എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഫോറസ്റ്റ് വിജിലൻസും ഫ്ലയിംസ് കോളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.

വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സുഗന്ധദ്രവ്യമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപയോഗിച്ച് വരുന്നതാണ് കസ്തൂരി. പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് കൈമാറും. 

ആൺ കസ്തൂരി മാനുകൾ ഇണയെ ആകർഷിക്കാൻ വേണ്ടി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി. മാനുകളിലെ വയറിന്റെ ഭാഗത്തുള്ള ഗ്രന്ധികളിൽ നിന്നുമാണ് ശ്രവം ശേഖരിക്കുന്നത്. കറുപ്പോ, ചുവപ്പു കലർന്ന ഇളം തവിട്ടു നിറത്തിലോ ആണ് ഇത് കാണപ്പെടുക. പല സുഗന്ധലേപനങ്ങളുടെയും ഔഷധങ്ങളുടേയും അടിസ്ഥാന ഘടകമായി കസ്തൂരി ഉപയോഗിക്കുന്നുണ്ട്.

പണ്ടു കാലം മുതൽക്ക് തന്നെ സുഗന്ധവസ്തു നിർമ്മാണത്തിലെ അസംസ്കൃതവസ്തുവായി ഇതിനെ ഉപയോഗപ്പെടുത്തിയിരുന്നു. ലോകത്തിൽ വച്ച് മൃഗങ്ങളുടെ ശരീരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണിത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കസ്തൂരിമാൻ. കസ്തൂരിമാനെ കൊന്നശേഷമാണ് കസ്തൂരി ശേഖരിക്കുന്നത്. മൂന്ന് മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍