മരങ്ങളിൽ പെയിന്റ് അടിച്ച് സ്ത്രീ ഓടി രക്ഷപ്പെട്ടു ; പൊലിസ് അന്വേഷണം


വീടിനു സമീപത്തെ മരങ്ങളിൽ അജ്ഞാത സ്ത്രീ എത്തി പെയിന്റ് അടിച്ചത് മോഷണം നടത്താനാകാം എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.കുമരകം പഞ്ചായത്ത് രണ്ടാം വാർഡിൽ ആറ്റുചിറ കുമാരി ശശിയുടെ വീടിന്റെ പിന്നിലുള്ള പുളിമരത്തിലും ഇല്ലി മരത്തിലുമാണു മഞ്ഞയും ചുവപ്പും ചേർന്നുള്ള നിറത്തിലെ പെയിന്റ് അടിച്ചത്.രണ്ടാം തവണ പെയിന്റ് അടിക്കാൻ‍ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന 10 വയസ്സുകാരി കണ്ടതോടെ സ്ത്രീ ഓടി രക്ഷപ്പെട്ടു.

പ്രായമായ കുമാരി ശശിക്കാെപ്പം മകൾ ഇന്ദുലേഖയും കൊച്ചുമകൾ അനുഗ്രഹയും മാത്രമാണു വീട്ടിൽ താമസം. ഏതാനും ആഴ്ചകൾക്ക് മുൻപു ഒരു വീട്ടിലെ മരത്തിൽ ഇതേ രീതിയിൽ പെയിന്റ് കണ്ടതായും പിന്നീട് ഈ വീട്ടിൽ മോഷണം നടന്നതായും അറിഞ്ഞതോടെ കുമാരിയും കുടുംബവും ഭീതിയിലായി. തങ്ങളുടെ വീട്ടിലും സമാനരീതിയിൽ മോഷണം നടത്തുവാൻ വേണ്ടി പെയിന്റ് അടിച്ചതാകാമെന്ന വിശ്വാസമാണ് ഈ കുടുംബത്തെ ഭീതിയിലാക്കിയത്.

രണ്ടാഴ്ച മുൻപാണു ആദ്യം മരങ്ങളിൽ പെയിന്റ് അടിക്കുന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ പെയിന്റ് അടിച്ചത് ആരെന്നു കണ്ടിരുന്നില്ല. മോഷണത്തിനു വേണ്ടി അടയാളപ്പെടുത്തിയത് ആകാമെന്നു കരുതി കുമാരി മരത്തിൽ നിന്ന് പെയിന്റ് നീക്കം ചെയ്തിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച തലയിൽ തുണി കൊണ്ടു മൂടി മുഖം മാത്രം കാണാവുന്ന രീതിയിൽ എത്തിയ സ്ത്രീ പെയിന്റ് അടിക്കാൻ ശ്രമിക്കുന്നത് കൊച്ചുമകൾ അനുഗ്രഹയുടെ ശ്രദ്ധയിൽപ്പെട്ടു. മുത്തശ്ശിയും അമ്മയും ജോലിക്കു പോയതിനാൽ അനുഗ്രഹ മാത്രമാണു അന്ന്് വീട്ടിലുണ്ടായിരുന്നുള്ളൂ.

വീടിന്റെ പിന്നിൽ എന്തോ ശബ്ദം കേട്ടാണു അനുഗ്രഹ എത്തുന്നത്. ഈ സമയം ഇവിടെ ഉണ്ടായിരുന്ന സ്ത്രീ ഓടി പോകുകയുമായിരുന്നു. ജോലി കഴിഞ്ഞ എത്തിയ അമ്മയോടും മുത്തശ്ശിയോടും അനുഗ്രഹ വിവരം പറഞ്ഞു. മരത്തിൽ നിന്ന് ചീകിക്കളഞ്ഞ ഭാഗത്ത് തന്നെ വീണ്ടും പെയിന്റ് അടിക്കാൻ സ്ത്രീ എത്തിയതോടെ വീട്ടുകാർ കൂടുതൽ ഭയത്തിലായി.

വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം സ്മിത സുനില്‍ സ്ഥലത്ത് എത്തി. തുടർന്നു കുമാരി പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 2 തവണ പൊലീസ് സ്ഥലത്ത് എത്തി വീട്ടുകാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു.കുമാരിയുടെ വീടിനു സമീപത്തെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

രാത്രി മോഷണം നടത്തുവാൻ പകൽ സമയങ്ങളിൽ എത്തി ജനൽ പാളികളിലും മരങ്ങളിലും പലതരത്തിലുള്ള അടയാളങ്ങൾ രേഖപ്പെടുത്തുന്ന രീതി മുൻപ് പല സ്ഥലങ്ങളിലും നടന്ന സാഹചര്യത്തിലാണ് ഈ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍