കുഴൽമന്ദത്ത് അപകടമുണ്ടാക്കിയ ഡ്രൈവറെ പിരിച്ചുവിട്ടു; മുൻപും അശ്രദ്ധയോടെ വണ്ടിയോടിച്ചിട്ടുണ്ടെന്ന് കെഎസ്‌ആർടിസി

പാലക്കാട്: കുഴൽമന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയായ അപകടമുണ്ടാക്കിയ ഡ്രൈവറെ കെഎസ്‌ആർടിസി പിരിച്ചുവിട്ടു. പീച്ചി സ്വദേശിയായ ഡ്രൈവർ സി.എൽ ഔസേപ്പിനെയാണ് കെഎസ്‌ആർടിസി പിരിച്ചുവിട്ടത്. 2022 ഫെബ്രുവരി 7നായിരുന്നു സംഭവം. പാലക്കാട് നിന്നും വടക്കഞ്ചേരിയിലേക്ക് പോകുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരുന്നു ഔസേപ്പ്. റോഡിന് ഇടത് വശത്ത് കടന്നുപോകാൻ സ്ഥലമുണ്ടായിട്ടും മനപൂർവം ബസ് വലത് വശത്തേക്ക് കയറ്റുകയും അടുത്തുകൂടി പോകുകയായിരുന്ന ബൈക്കിലുണ്ടായിരുന്ന യുവാക്കളെ തട്ടിയിടുകയുമായിരുന്നു. ബസിന്റെ പിന്നിലെ ചക്രങ്ങൾ കയറി യുവാക്കൾ തൽക്ഷണം മരിച്ചു.
ഔസേപ്പ് മുൻപും ഇത്തരത്തിൽ കൃത്യവിലോപം നടത്തിയിട്ടുണ്ടെന്നും അശ്രദ്ധമായി വാഹനമോടിച്ചിട്ടുണ്ടെന്നും പിരിച്ചുവിട്ടുകൊണ്ടുള‌ള ഉത്തരവിൽ കെഎസ്‌ആർ‌ടിസി പറയുന്നു. ഇനിയും ഇയാൾ സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യജീവനുകൾ നഷ്‌ടമാകുമെന്നും ഇയാളുടെ നടപടി കെഎസ്‌ആർടിസിയ്‌ക്ക് അവമതിപ്പുണ്ടാക്കിയതായും അതിനാൽ അന്വേഷണവിധേയമായി പിരിച്ചുവിടുന്നതായി കെഎസ്‌ആർടിസി ഉത്തരവിറക്കുകയായിരുന്നു.കെഎസ്‌ആർടിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ തന്റെ ഭാഗം ന്യായീകരിച്ചെങ്കിലും അപകടം നടന്ന സമയത്ത് ബസിന് പിന്നാലെവന്ന കാറിലുണ്ടായിരുന്ന ഡാഷ്‌ക്യാമിൽ നിന്നുള‌ള ദൃശ്യങ്ങൾ അപകടത്തിന് ഔസേപ്പ് മനപൂർവം കാരണമായതായി തെളിഞ്ഞു. തുടർന്ന് അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിരിച്ചുവിടാൻ കെഎസ്‌ആർടി‌സി തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍