വില വ്യത്യാസം; അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇന്ധന വ്യാപാരത്തിൽ വൻ ഇടിവുണ്ടായതായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍

കാസര്‍കോട്: വില വ്യത്യാസം കാരണം സംസ്ഥാന അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇന്ധന വ്യാപാരത്തിൽ വൻ ഇടിവുണ്ടായതായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍. ബജറ്റിൽ നിർദ്ദേശിച്ച വർധനവ് കൂടി പ്രാബല്യത്തിൽ വന്നാൽ കേരളത്തെ അപേക്ഷിച്ച് കർണാടകയിൽ ഡീസലിന് പതിനൊന്ന് രൂപയും പെട്രോളിന് എട്ടര രൂപയും കുറവു വരും. ഇതോടെ പ്രതിസന്ധി രൂക്ഷമാവുമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കേരളത്തെ അപേക്ഷിച്ച് കര്‍ണാടകയിൽ നിലവിൽ ഡീസലിന് എട്ടര രൂപയും പെട്രോളിന് ആറര രൂപയും കുറവാണ്. ഈ വില കുറവ് പ്രയോജനപ്പെടുത്തി വ്യാപാരം വർധിപ്പിക്കുകയാണ് അതിർത്തികളിലെ പെട്രോൾ- ഡീസൽ പമ്പുകൾ. ഇതിനായി കൂറ്റൻ ബോർഡുകൾ വരെ സ്ഥാപിച്ചിട്ടുണ്ട്. ഇത് കാരണം സംസ്ഥാനത്തെ പമ്പുകളിൽ വ്യാപാരം പകുതിയായി കുറഞ്ഞു. കേരളത്തിലേക്ക് വരുന്ന ചരക്കുലോറികള്‍ വില വർധനവ് കാരണം സംസ്ഥാനത്ത് നിന്ന് ഇന്ധനം നിറക്കാറില്ല. അന്തർ സംസ്ഥാന ടാക്സികളും കേരളത്തിന് പുറത്തു നിന്നാണ് ഇന്ധനം നിറക്കുന്നത്. ഇതോടെ വര്‍ധിപ്പിച്ച സെസ്സിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി തുക ടാക്‌സിനത്തില്‍ സര്‍ക്കാറിന് നഷ്ടമാക്കുന്നതായി അസോസിയേഷൻ പറയുന്നു. ഇന്ധന വില നിയന്ത്രിച്ച് വില്പന വർധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് നികുതി വരുമാനം വർധിപ്പിക്കാനാവും. ഇതിനായി നടപടി ഉണ്ടാവണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍