ദമ്പതികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ KSRTC ഡ്രൈവർ മൂന്ന് കിലോമീറ്ററോളം അകലെ ഇറക്കിയതായി പരാതി

താമരശേരി: ഹൃദ് രോഗ ചികിത്സകഴിഞ്ഞ് വരികയായിരുന്ന ദമ്പതികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെകെ.എസ്.ആർ.ടി.സി  ഡ്രൈവർ  മൂന്ന് കിലോമീറ്ററോളം അകലെ ഇറക്കിയതായി പരാതി.പരപ്പൻ പൊയിൽ മുക്കാലംപടിയിൽ സ്വദേശികളായ ലത്തീഫ്, ലൈല ദമ്പതിമാരാണ് താമരശേരി പൊലിസിൽ പരാതി നൽകിയത്.

വെല്ലൂർ സി.എം.സി ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ്  ഇന്നലെ പുലർച്ചെ മൂന്നിന് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ പുലർച്ചെ 3.20 ഓടെ  സുൽത്താൻ ബത്തേരിക്കുള്ള  സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയ താമരശേരി പരപ്പൻ പൊയിലിലേക്ക് ബസിൽ കയറി.

ബസ് പരപ്പൻ പൊയിൽ എത്തുന്നതിനു മുമ്പ് തന്നെ കണ്ടക്ടറോട്  ഇറങ്ങാനുള്ള സ്ഥലമായി എന്ന് ഓർമ്മപ്പെടുത്തുകയും കണ്ടക്ടർ ബെൽ അടിക്കുകയും ചെയ്തു. എന്നിട്ടും ബസ്നിർത്താത്തതിനാൽ കണ്ടക്ടർ പലതവണ ബെൽ അടിച്ചു. എന്നാൽ ഡ്രൈവർ ഇതൊന്നും വകവെക്കാതെ ബസ് മൂന്നു കിലോമീറ്ററോളം അകലെ താമരശേരി പഴയ സ്റ്റാൻ്റിലാണ് നിർത്തിയത്.
അവിടെ വെച്ച് ഡ്രൈവറോട് നിർത്താത്തതിൻ്റെ കാര്യം തിരക്കിയപ്പോൾ "ഓട്ടോ കാശ് കൊടുത്ത് വിട്ടര് " എന്ന് കണ്ടക്ടറോട് പറയുകയാണ് ചെയ്തത്.

രണ്ടു തവണ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ തൻ്റെ ഭർത്താവിൻ്റെ തുടർ ചികിത്സക്ക് വെല്ലൂരിൽ പോയി വരികയായിരുന്നു തങ്ങളെന്ന് ലൈല പറഞ്ഞു.

അസമയത്ത് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്ന ഉത്തരവ് നിലനിൽക്കെയാണ് സ്ത്രീ അടക്കമുള്ളവർക്ക്ദുരനുഭവമുണ്ടായത്.

ഇതു സംബന്ധിച്ച് അന്വേഷിച്ച് നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് താമരശേരി പൊലിസിൽ പരാതി നൽകി. മന്ത്രിക്കും ,കെ.എസ്.ആർ.ടി.സി എം.ഡി.ക്കും പരാതി നൽകുമെന്ന്  കുടുംബം പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍