കാലിഗ്രാഫിയിൽ മിടുക്ക് തെളിയിച്ച് എട്ടാംതരം വിദ്യാർത്ഥി


താമരശ്ശേരി: കാലിഗ്രാഫിയിൽ മിടുക്ക് തെളിയിച്ച് എട്ടാംതരം വിദ്യാർത്ഥി.പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാംതരം വിദ്യാർഥിനിയും താമരശ്ശേരി കോരങ്ങാട് വാപ്പനാം പൊയിൽ ഷംസീർ, ഷംന ദമ്പതികളുടെ മകളുമായ പി. ടി നിയാ തസ് ലി കാലിഗ്രാഫിയിൽ നിരന്തരം ചിത്രങ്ങൾ തയ്യാറാക്കി മികവ് തെളിയിക്കുന്നത്.

പഠനത്തോടൊപ്പം ഈ കലാ വൈഭവം വികസിപ്പിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കൊച്ചു മിടുക്കി 40 ഓളം എണ്ണം ഇപ്പോൾ തന്നെ വരച്ചു കഴിഞ്ഞു. വിവാഹം, സൽക്കാരം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾക്ക് സമ്മാനമായി നൽകാൻ വേണ്ടി ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ചാണ് തയ്യാറാക്കി കൊടുക്കുന്നത്. അറബിയിലെ വാചകങ്ങൾ, ഖുർആൻ സൂക്തങ്ങൾ തുടങ്ങിയവയാണ് ചിത്ര രൂപത്തിൽ സ്വർണ്ണ ലിപിയിലും മറ്റും ആലേഖനം ചെയ്തു നൽകുന്നത്. പഠനത്തോടൊപ്പം ഉല്ലാസവും മികച്ച ഒരു വരുമാനമാർഗവും ആവുകയാണ് ഈ കലാ പ്രവർത്തനം.
 ഏഴാംതരത്തിൽ പഠിക്കുമ്പോൾ മദ്രസയിലെ ഉസ്താദിന്റെ നിർദ്ദേശപ്രകാരം ആദ്യമായി തയ്യാറാക്കിയതാണ് ഈ മേഖലയിൽ ചുവടുറപ്പിക്കാൻ കാരണമായത്. ഓരോന്നും ചെയ്തുകഴിയുമ്പോൾ പുതിയ ഒരെണ്ണം ചെയ്യാനുള്ള പ്രചോദനം ഉണ്ടാകും. വീട്ടുകാർക്കും മകളുടെ വരയിൽ അനുകൂല സമീപനമാണുള്ളതെന്ന് നിയ പറയുന്നു. ഓൺലൈനിൽ ഉള്ള ചിത്രങ്ങൾ കണ്ടു വരച്ചാണ് തുടക്കം. പിന്നീട് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് യൂട്യൂബിൽ തിരയുകയും അത് പരിശീലനത്തിനായി സ്വീകരിക്കുകയുമായിരുന്നു. ഫാത്തിമ തൻഹ, മുഹമ്മദ് ലാസിം എന്നിവർ സഹോദരങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍