ഭർത്തൃമാതാവിന്റെ വീട്ടിൽ എ.സി.യുണ്ടെന്ന കാരണം പറഞ്ഞ് വിധവാ പെൻഷൻ നിരസിച്ചു; പുനഃപരിശോധിക്കാൻ ഉത്തരവ്

കൊണ്ടോട്ടി : ഭർത്തൃമാതാവിന്റെ വീട്ടിൽ എ.സി.യുള്ളതിനാൽ മൂന്ന് മക്കളുടെ അമ്മയും വിധവയുമായ യുവതിക്ക് ഗ്രാമപ്പഞ്ചായത്ത് വിധവാ പെൻഷൻ നിരസിച്ച തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശിയായ സുഹ്‌റയ്ക്ക് തേഞ്ഞിപ്പലം പഞ്ചായത്ത് വിധവാ പെൻഷൻ നിരസിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

സുഹ്‌റയുടെ ഭർത്താവ് ചേളാരി പോക്കാട്ടുങ്ങൽ അബ്ദുൾ അസീസ് 2020-ൽ മരിച്ചതാണ്‌. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ സുഹ്‌റ മൂന്ന് കുട്ടികളുമായി ഭർത്താവിന്റെ ഉമ്മയോടൊപ്പമാണ് താമസിക്കുന്നത്. സുഹ്‌റ നൽകിയ വിധവാപെൻഷനുള്ള അപേക്ഷ ഭർത്തൃമാതാവിന്റെ വീട്ടിൽ എ.സി. ഉണ്ടെന്ന് കാണിച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് തള്ളി. തുടർന്ന് നാട്ടൊരുമ പൗരാവകാശ സമിതിയുടെ എക്സിക്യുട്ടീവ് അംഗം പി.പി. അബ്ദുൾ അസീസാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്.

ശരീയത്ത് നിയമപ്രകാരം മാതാവ്/പിതാവ് ജീവിച്ചിരിക്കേ മക്കൾ മരിച്ചാൽ അവരുടെ സ്വത്തിൽ മരിച്ച വ്യക്തികളുടെ മക്കൾക്ക് നിയമപരമായി ഒരു അവകാശവുമില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടി മലപ്പുറം ഡി.ഡി.പി.ക്ക് അപ്പീൽ നൽകിയെങ്കിലും നിരസിച്ച കാര്യവും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആക്ഷേപമുള്ള ഗുണഭോക്താക്കളുടെ പെൻഷൻ സർക്കാർ പുനഃപരിശോധന നടത്തിയശേഷം, അർഹനാണെങ്കിൽ പുനഃസ്ഥാപിച്ചു നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവുണ്ട്. സുഹ്‌റയുടെ അപേക്ഷ പുനഃപരിശോധിച്ച് അർഹയാണെന്ന് ബോധ്യപ്പെടുന്നപക്ഷം പെൻഷൻ അനുവദിക്കണമെന്നും, അപേക്ഷ നൽകുന്ന മുറയ്ക്ക് അർഹതപ്പെട്ട മറ്റാനുകൂല്യങ്ങൾ നിയമാനുസൃതം അനുവദിക്കണമെന്നും കമ്മിഷൻ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.