ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ തിരൂരിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്യും
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളായ ഷിബിലിയെയും, ഫര്‍ഹാനയെയും ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവരെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യും.
റോഡുമാര്‍ഗമാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് എത്തിച്ചത്. കൊലപാതകം നടന്ന സമയം, കാരണം, മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ്, പ്രതികളെ കോടതിയില്‍ ഹാജരാക്കല്‍ തുടങ്ങിയ നടപടികളിലേക്ക് കടന്നേക്കും. അതേസമയം കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂര്‍ കോരങ്ങാട് ജുമാ മസ്ജിദില്‍ ഇന്നലെ അര്‍ധരാത്രിയോടെ ഖബറടക്കി.
തിരൂര്‍ സ്വദേശിയും കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയുമായ സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം നാളാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയില്‍ സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയത്. സിദ്ദിഖിൻ്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയതെന്നാണ് വിവരം. തുടർന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയിൽ വലിച്ചെറിയുകയായിരുന്നു.
രണ്ടു മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ്, മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്ന് ജീവനക്കാര്‍, ചോദിച്ചപ്പോൾ ആർത്തവ രക്തമെന്ന് ഫർഹാന പറഞ്ഞു: സിദ്ദിഖിൻ്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിൻ്റെ കൊലപാതകത്തില്‍ അടിമുടി ദുരൂഹത. സിദ്ദഖിൻ്റെ കൊലപാതകം സംബന്ധിച്ച് സിദ്ദിഖും പ്രതികളും താമസിച്ച എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്തുവന്നു. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
അതേസമയം മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ആര്‍ത്തവ രക്തമാണ് അവിടെ ചിതറിക്കിടക്കുന്നത് എന്നാണ് ഷിബിലും ഫര്‍ഹാനയും പറഞ്ഞത്. രണ്ട് മുറികളില്‍ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ലെന്നും ജീവനക്കാർ മൊഴി നൽകി. എന്നാല്‍, ഒരു മുറിയില്‍ പിന്നീട് കസ്റ്റമേഴ്‌സ് വന്നിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു.
സിദ്ദിഖിൻ്റെ മരണത്തിനിടയാക്കിയത് നെഞ്ചിലേറ്റ ചവിട്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. സിദ്ദിഖിൻ്റെ വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. തലയിൽ അടിയേറ്റ പാടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. മരണശേഷമാണ് ശരീരം വെട്ടിമുറിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയതെന്നും സൂചനകളുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാത്രി തന്നെ തിരൂരിലെ കേരങ്ങത്ത് പള്ളിയില്‍ ഖബറടക്കും.
