പൂർവ്വ വിദ്യാർത്ഥി സംഗമം

താമരശ്ശേരി: ശതാബ്ദിയുടെ നിറവിൽ ഒരു പ്രദേശത്തിന് അറിവിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ പള്ളിപ്പുറം എ.എൽ പി സ്കൂൾ അങ്കണത്തിലാണ് 1924 മുതൽ 1990 വരെയുള്ള കാലയളവിൽ ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഒത്തു കൂടിയത്.
പ്രായാധിക്യവും, രോഗങ്ങളും പലരെയും തളർത്തിയിട്ടുണ്ടായിരുന്നെങ്കിലും ഇന്നത്തെ സംഗമ വേദിയിലേക്ക് അവർ മക്കളോടും പേരമക്കളോടുമൊപ്പം എത്തിച്ചേരുകയായിരുന്നു.
ആദ്യഘട്ട പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ മാനേജറും പൂർവ വിദ്യാർത്ഥിയുമായ ശാന്തകുമാരി ബ്രാഹ്മണിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം താമരഗ്ഗേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട്. ഒ.പി. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു
വാർഡ് മെമ്പർമാരായ എം.വി. യുവേഷ്, ബി.എം.ആർഷ്യ, സി.പി.റംല കാദർ  പി.എം.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി 1988 ബാച്ചിലെ വിദ്യാർത്ഥികൾ ഒരുക്കിയ തെങ്ങോലയും, ഈന്ത് പട്ടയും കൊണ്ട് നിർമ്മിച്ച " സ്ലൈറ്റും പെൻസിലും "
എന്ന പെട്ടിക്കട ഏവരേയും ആകർഷിച്ചു

വിവിധ തലമുറയിലെ വിദ്യാർത്ഥികളുടെ ഒത്തുകൂടലിന് മാറ്റ് കൂട്ടിക്കൊണ്ട് പൂർവ്വ അദ്ധ്യാപകൻ ടി.പി.കെ.ഇബ്രാഹിം മാസ്റ്ററുടെ സാന്നിദ്ധ്യവും ഏറെ ശ്രദ്ധേയമായി.
പഴയ കാല ചരിത്രവും വർത്തമാനങ്ങളും കൊണ്ട് ചർച്ചയായ ഈ സംഗമത്തിലുടനീളം പാട്ടുകളും മിമിക്രിയും മറ്റ് പരിപാടികളുമായി ഒരു ദിവസം ആഘോഷിക്കുകയായിരുന്നു.
പ്രധാനാദ്ധ്യാപിക. ശ്രീമതി ശ്രീജ ടീച്ചർ സ്വാഗതവും,  ജനറൽ കൺവീനർ പ്രവീൺ കെ. നമ്പൂതിരി നന്ദിയും പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
രണ്ടാം ഘട്ട സംഗമം ജൂലൈ മാസം  വിവിധ പരിപാടികളോടെ നടക്കും.