തക്കാളിക്ക് 110 , ഇഞ്ചിക്ക് 240 രൂപ... പച്ചക്കറികൾക്കു തീവില

തീവില ആയതോടെ പച്ചക്കറികൾക്ക് ആവശ്യക്കാർ കുറഞ്ഞു. തക്കാളിക്ക് ഇന്നലെ 110 രൂപയാണ് കിലോഗ്രാമിന് വില. ഇഞ്ചിക്ക് 240 രൂപ,  ചെറിയ ഉള്ളിക്ക് 160 രൂപ. മുരിങ്ങക്കായയ്‌ക്ക് അൽപം വില കുറഞ്ഞതാണ് ആകെ ആശ്വാസം. 80 രൂപയുണ്ടായിരുന്നത് 60 രൂപയായി. നേന്ത്രപ്പഴത്തിന് 60 രൂപയാണു വില. പച്ചമുളകിന് 120 രൂപയ്‌ക്ക് മുകളിലാണ് ഇന്നലെ വില. കാരറ്റിന് 60 രൂപയുണ്ടായിരുന്നത് 70 രൂപയായി. ബീൻസിന് 80 രൂപയുണ്ടായിരുന്നത് 100 രൂപയായി.

നാടൻ ചേനയുടെ വില 50 രൂപയായി. വെണ്ടക്കയ്‌ക്ക് 40 രൂപയുണ്ടായിരുന്നത് 50 രൂപയായി. പയറിന് 30 രൂപയുണ്ടായിരുന്നത് 40 രൂപയായി. അതേസമയം തേങ്ങയ്‌ക്ക് വില കുറവുണ്ട്. കിലോഗ്രാമിന് 26 രൂപ. പുറമേ നിന്ന് വാങ്ങുന്ന പച്ചക്കറികൾക്ക് വിലക്കയറ്റം വന്നതോടെ വീട്ടുവളപ്പിലെ വിഭവങ്ങൾക്കു പ്രിയമേറി. ഇടക്കാലത്ത് പലരും ദൂരെ കളഞ്ഞിരുന്ന വാഴക്കുലയുടെ കൂമ്പും കാമ്പുമെല്ലാം തിരിച്ചെത്തി. മുരിങ്ങയിലയും പയറിലയും ചീരയുമെല്ലാം ഇഷ്‌ടവിഭവങ്ങളായി അടുക്കളകളിൽ തിരിച്ചെത്തുന്നുണ്ട്.