ബസ്സുടമയ്ക്കുനേരെ ആക്രമണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു .
കൊച്ചി: തൊഴിൽ തർക്കത്തെത്തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ച് ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയോടും കുമരകം സ്റ്റേഷൻഹൗസ് ഒാഫീസറോടും ജൂലായ് 10-ന് രാവിലെ 10.15-ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസ്സുടമ ആക്രമണത്തിനിരയായെന്ന മാധ്യമവാർത്തയെത്തുടർന്നാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
ബസ്സുടമയുടെ നാല് ബസുകൾക്കും തടസ്സമില്ലാതെ സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ജൂൺ 23-ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ശ്രമിച്ചപ്പോഴാണ് ബസ്സുടമ രാജ്‌മോഹനുനേരെ സി.പി.എം. നേതാവിന്റെ ആക്രമണം ഉണ്ടായത്.
