കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു; കൈയിൽ ചില്ലുകഷണവുമായി അക്രമാസക്തനായപ്പോൾ കീഴ്‌പ്പെടുത്തിയത് പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന്
നാടകീയ രംഗങ്ങളാണ് ആശുപത്രിയിൽ സംഭവിച്ചത്. പൊലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് ജീവൻ പണയം വച്ചാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാൾ. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രില്ലിൽ ഇയാൾ തലയടിച്ചു പൊട്ടിച്ചു. തുടർന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനായി. ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും ഭയന്നു. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി. ഈ സമയത്ത് കൈയിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി.
സംഭവത്തിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍