ചാന്ദ്നി കൊലപാതകം: രോഷാകുലരായി നാട്ടുകാർ; പ്രതിയുമായി തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട ആറ് വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതി അസ്ഫാക്കിനെയെത്തിച്ച് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതിയെ സ്ഥലത്തെത്തിച്ചെങ്കിലും നാട്ടുകാർ രോഷാകുലരായതോടെ ഇയാളെ പുറത്തിറക്കാതെ പൊലീസ് തിരിച്ചുപോകുകയായിരുന്നു. ചാന്ദ്നിയുടെ ശരീരത്തിൽ ഉപദ്രവമേറ്റതിന്റെ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നുമാണ് റെയ്ഞ്ച് ഡിഐജി ശ്രീനിവാസൻ ഉൾപ്പെടെ അറിയിക്കുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്.
പ്രതി അസ്ഫാക്കിന് കൂടുതൽ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. പ്രതി മൊഴിമാറ്റാൻ ശ്രമം നടത്തിയിരുന്നു. ഇയാളുടെ മൊഴി പൂർണമായി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൊലപാതകക്കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അതിന് ചുറ്റും മൂന്ന് കല്ലുകളിട്ട് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മൂടിയ നിലയിലായിരുന്നു.
ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി മഞ്ജയ് കുമാറിന്റെ മകളാണ് ചാന്ദ്നി കുമാരി. 21 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അവസാന നിമിഷം വരെ കുഞ്ഞിനെ ജീവനോടെ കണ്ടെത്താൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പ്രതി തന്നെ പൊലീസിനോട് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് അസ്ഫാക്ക് ആലം ഇവരുടെ വീട്ടിനു മുകളിലത്തെ നിലയിൽ താമസിച്ചു തുടങ്ങിയത്. ഇന്നലെ വൈകീട്ട് കുട്ടിയുടെ അമ്മ ഉണങ്ങാനിട്ട തുണിയെടുക്കാന്‍ പോയ സമയത്താണ് അസ്ഫാക്ക് കുട്ടിയെ തട്ടികൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാം എന്നു പറഞ്ഞാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടു പോയതെന്നാണ് ലഭിക്കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍