അഫ്‌സാനയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങില്ല; തിരച്ചിലിനായി വീട് പൊളിച്ചതിന്റെ നഷ്ടപരിഹാരം വേണമെന്ന് ഉടമ

പത്തനംതിട്ട: ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കി പോലീസിനെ വട്ടംകറക്കിയ അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് പോലീസ്. ഒന്നര വര്‍ഷംമുമ്പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിലാണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്. നൗഷാദിനെ തൊടുപുഴയില്‍ പിന്നീട് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

ഈ സാഹചര്യത്തില്‍ അഫ്‌സാനയുടെ പേരില്‍ കബളിപ്പിക്കല്‍ കേസ് നിലനിര്‍ത്തും എന്നാണ് പോലീസ് പറയുന്നത്. കൊലപാതക കേസ് ഒഴിവാക്കാന്‍ പോലീസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴിനല്‍കിയത് വലിയ കോളിളക്കം സൃഷ്ടിച്ചു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.

അതേസമയം, അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയായ ബിജു രംഗത്തെത്തി. തന്റെ അടുക്കള മുഴവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍