ചരിത്രസ്മരണകൾ പങ്കുവെച്ച് സ്വാതന്ത്ര്യ ദിനം കൊണ്ടാടി
താമരശ്ശേരി:വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിൽ സ്വാതന്ത്ര്യദിനം നിറപ്പകിട്ടോടെ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപകൻ പൊറേരി വിജയൻ ദേശീയ പതാക ഉയർത്തി പ്രോഗ്രാമിന് തുടക്കമിട്ടു. സ്പെഷൽ അസംബ്ളി ചേർന്ന് ദേശസ്നേഹ പ്രതിജ്ഞയെടുത്തു. വിഘടനവാദികളുടെയും മറ്റു ശിഥിലീകരണ ശക്തികളുടെയും താൽപ്പര്യങ്ങൾക്കു മുമ്പിൽ നാം കീഴടങ്ങിക്കൂടാ എന്ന ഓർമ്മപ്പെടുത്തൽ ദിനം കൂടിയാണ് ഈ സുദിനമെന്ന് വാർഡ് മെമ്പർ സാജിദ ഇസ്മായിൽ പറഞ്ഞു. അന്യവൽക്കരിക്കപ്പെട്ട പുതിയ തലമുറയ്ക്ക് ചരിത്ര താളുകളിലൂടെ മാത്രം ഇതൾ വിരിയുന്ന കഥകൾ മാത്രമായിരിക്കും സ്വാതന്ത്ര്യ സമരം, എന്നാൽ ചുടുനിണം വീണിട്ടും കീഴടങ്ങാത്ത ധീര ദേശാഭിമാനികളുടെ സംഭവ ബഹുലമായ പോരാട്ട ഗാഥകൾ കൂടിയാണ് അത് എന്ന വസ്തുത മറക്കരുത് എന്നും പിടിഎ പ്രസിഡന്റ് കെപി നാസർ പറഞ്ഞു. പതിനായിരക്കണക്കിന് ദേശാഭിമാനികളുടെ ആത്‌മ സമർപ്പണത്തിന്റെയും സ്വപ്ന സാക്ഷാൽക്കാരത്തിന്റെയും സ്മരണ പുതുക്കുന്ന ഈ വേളയിൽ ഓരോ പൗരനും നിർവ്വഹിക്കാനൊരു ദൗത്യമുണ്ടെന്ന് പിടിഎ വൈസ് പ്രസിഡന്റ് പി പി സലിം ഓർമ്മിപ്പിച്ചു. നമുക്ക് സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചു എന്നതിനേക്കാൾ സ്വാതന്ത്ര്യം എങ്ങനെ നഷ്ടപ്പെട്ടു എന്നും വൈദേശിക ശക്തികൾ എങ്ങനെ നമ്മെ അടക്കിഭരിച്ചു എന്നുമാണ് നാം ചർച്ച ചെയ്യേണ്ടത്. അപ്പോഴേ ഈ ദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യമാവൂ എന്ന് പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പ്രസംഗ മൽസരം, ദേശഭക്തിഗാന മൽസരം, പതിപ്പു നിർമ്മാണ മൽസരം, ടൈംലൈൻ നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. സ്വാദിഷ്ടമായ പായസവും ഒരുക്കിയിരുന്നു. സൽസ ടീച്ചർ, രജില ടീച്ചർ അഫ്താശ് മാസ്റ്റർ, നസീഫ് മാസ്റ്റർ, റഹീന ടീച്ചർ, സബിത ടീച്ചർ, സുനീറ ടീച്ചർ, നിസാർ മാസ്റ്റർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍