പ്രകൃതി വിരുദ്ധ പീഡന കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു


താമരശ്ശേരി :പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത വയനാട് സ്വദേശിക്കെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസിക്കുന്ന വയനാടൻ മുസ്തഫ(50) ക്കെതിരെയാണ് പോക്സോ നിയമ പ്രകാരം മൂന്ന് കേസുകൾകൂടി രജിസ്റ്റർ ചെയ്തത്.

പീഡനത്തിനിരയായകുട്ടികൾ സുഹൃത്തുക്കളോട് വിവരം പറയുകയും പ്രതിയെ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ വിവരത്തെ തുടർന്നാണ് താമരശ്ശേരി പോലീസ് എലോക്കരയിലെത്തി പ്രതിയെ പിടികൂടിയത്.ഒരു കുട്ടിയുടെ മൊഴി പ്രകാരമാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടർന്നാണ് കൂടുതൽ പേർ പരാതിയുമായി എത്തിയത്. ഇതിൽ ഒരു കുട്ടിയെ മറ്റൊരാൾ കൂടി പീഡിപ്പിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ഈ പരാതിയിലും കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. അഞ്ചോളം കുട്ടികളെ മുസ്തഫ പീഡിപ്പിച്ചതായാണ് സൂചന. തുടരന്വേഷണത്തിനായി റിമാൻഡിൽ ഉള്ള പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍