ഓണത്തിന് വിദ്യാർത്ഥികൾക്ക് അഞ്ച് കിലോഗ്രാം വീതം അരി സൗജന്യം; സപ്ലൈകോ നേരിട്ടെത്തിക്കും

തിരുവനന്തപുരം: ഓണക്കാലത്ത് വിദ്യാർത്ഥികൾക്ക് അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കും. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.

സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ.

അതേസമയം ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും നൽകില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനാണ് സർക്കാർ തീരുമാനം. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയുടെ വിതരണം ഓ​ഗസ്റ്റ് 11ന് ആരംഭിച്ചിരുന്നു. 10.90 രൂപ നിരക്കിലാണ് വിതരണം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ‌ ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ലെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ നേരത്തെ അറിയിച്ചിരുന്നു.

മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം പ്രമാണിച്ച് 1,000 രൂപ ഉത്സവ ബത്ത നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇത്തവണ ബത്ത നല്‍കുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 4.6 ലക്ഷം ആളുകളിലേക്ക് സഹായം എത്തും.

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,000 രൂപ ബോണസ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവ ബത്തയായി 2,750 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപയും നല്‍കും. ഓണം അഡ്വാന്‍സായി 20,000 രൂപ ജീവനക്കാര്‍ക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍