ഭാര്യയുടെ മൃതദേഹം കൊണ്ടു പോകാൻ പുറത്തു നിന്ന് ആംബുലൻസ് വിളിച്ചു; യുവാവിന് ഡ്രൈവർമാരുടെ മർദ്ദനം


പുനലൂർ : കാൻസർ ബാധിതയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽനിന്ന് കൊണ്ടുപോകാനെത്തിയ ആംബുലൻസ് തടഞ്ഞ് ഭർത്താവിനെയും ബന്ധുക്കളെയും അതിക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്റ്റാൻഡിൽ ആംബുലൻസ് ഡ്രൈവർമാരായ പുനലൂർ മഞ്ഞമൺകാല ഷെഫീക്ക് മൻസിലിൽ ഷെമീർ (25), കാഞ്ഞിരമല പുതിയതോപ്പ് ലിബി ഭവനിൽ ലിബിൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആംബുലൻസ് ഡ്രൈവർമാരായ മറ്റു രണ്ടുപേരെ പോലീസ് തിരയുന്നു.

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. പുനലൂരിൽ സ്വകാര്യ ആംബുലൻസ് ഉണ്ടായിരിക്കെ മറ്റൊരിടത്തുനിന്ന് ആംബുലൻസ് എത്തിച്ചതിലുള്ള വിരോധമാണത്രേ ആക്രമണത്തിനു കാരണം. ഞായറാഴ്ച വൈകീട്ട് പുനലൂർ താലൂക്ക് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം.

കൊട്ടാരക്കര ഓടനാവട്ടം മുട്ടറ പ്ലാങ്കാലവീട്ടിൽ എൽ.മഞ്ജു(35)വിന്റെ മൃതദേഹം കൊണ്ടുപോകാനെത്തിയ ആംബുലൻസാണ് തടഞ്ഞത്. ഭർത്താവ് രാമചന്ദ്രൻ, ബന്ധുക്കളായ സുജിത്ത്, അനുജൻ സജിത്ത് എന്നിവർക്കാണ് മർദനമേറ്റത്. മണിക്കൂറുകൾക്കുശേഷം പോലീസ് ഇടപെട്ടാണ് മൃതദേഹം ഓടനാവട്ടത്തേക്ക് അയച്ചത്. അത്രയുംനേരം മൃതദേഹം താലൂക്ക് ആശുപത്രിയിൽ കിടന്നു.
ഇൻസ്പെക്ടർ ടി.രാജേഷ്കുമാർ, എസ്.ഐ. മാരായ എം.എസ്.അനീഷ്, എം.അജികുമാർ, ഉദയൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റും തുടർനടപടികളും. ഒരാഴ്ചയായി താലൂക്ക് ആശുപത്രിയിലെ സാന്ത്വനപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മഞ്ജു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരണം.

നിർധനകുടുംബാംഗമായ മഞ്ജുവിന്റെ മൃതദേഹം കൊണ്ടുപോകാൻ ഓടനാവട്ടത്തുനിന്ന് ആംബുലൻസ് വന്നത് സൗജന്യസേവനമെന്ന നിലയിൽ. ഈ ആംബുലൻസാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ തടഞ്ഞതും ഒരുസംഘം മഞ്ജുവിന്റെ ഭർത്താവ് രാമചന്ദ്രനെയും ബന്ധുക്കളായ സുജിത്തിനെയും സജിത്തിനെയും ക്രൂരമായി മർദിച്ചതും.

കൂലിപ്പണിക്കാരനായ രാമചന്ദ്രൻ, പണമില്ലാതിരുന്നതിനാലാണ് ആംബുലൻസിന്റെ സൗജന്യസഹായം തേടിയത്. മർദനത്തിൽ രാമചന്ദ്രന്റെ വാരിയെല്ലിനുൾപ്പെടെ സാരമായ പരിക്കുണ്ടത്രേ.

സജിത്തിനും സുജിത്തിനും കാര്യമായ പരിക്കുണ്ട്. ആശുപത്രിക്കു മുന്നിൽ തങ്ങളെ വളഞ്ഞുനിന്നാണ് സംഘം മർദിച്ചതെന്നും കണ്ടുനിന്ന ആരും തടയാനെത്തിയില്ലെന്നും ഇവർ പറയുന്നു.

സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടാണ് മണിക്കൂറുകൾക്കുശേഷം മൃതദേഹം അതേ ആംബുലൻസിൽ കയറ്റിയത്. കുന്നിക്കോട്ടുവരെ ആംബുലൻസിന് പോലീസ് അകമ്പടി നൽകുകയും ചെയ്തു.

രാമചന്ദ്രൻ സി.പി.എം. ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മഞ്ജു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുട്ടറ വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍