ഒരാളെയും സംരക്ഷിക്കില്ല ഹര്‍ഷിനയ്ക്ക് നീതി ലഭിക്കും';വീണാ ജോര്‍ജ്
കോഴിക്കോട്: ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയ്ക്ക് നീതി കിട്ടണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കത്രിക വയറ്റിൽ കുടുങ്ങി എന്നത് യാഥാർത്ഥ്യം, ഹർഷിന പറയുന്നത് വിശ്വസിക്കുന്നു. അത് കോഴിക്കോട് എത്തി ഹർഷിനയെ കണ്ടപ്പോൾ പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. കണ്ടെത്തലുകൾ ശരി എന്ന നിലപാടല്ല താൻ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ ആരോഗ്യവകുപ്പ് രണ്ട് അന്വേഷണങ്ങൾ നടത്തി. ഹർഷിനയ്ക്ക് നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുന്നതിനു വേണ്ടിയിട്ടാണ് ആരോഗ്യ വകുപ്പ് പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞത്. ധനസഹായം ഉൾപ്പടെ രണ്ട് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭയിൽവെച്ച് തീരുമാനമെടുത്തത്. പൊലീസ് അന്വേഷണം നടക്കുകയാണ്. സമയബന്ധിതമായി നടക്കും, മാത്രമല്ല അതിൽ കൃത്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നടപടികൾ ഉണ്ടാകും എന്നതിൽ തർക്കം ഇല്ല. പിന്മാറി പോകുന്ന വിഷയം അല്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. പൊലീസ് അന്വേഷണത്തിൻ്റെ പാശ്ചാത്തലത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കും. സർക്കാർ കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ല. ഒരു സ്ത്രീ അനുഭവിച്ച വേദനയാണ്. പൊലീസ് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടികൾ ഉണ്ടാകും. പൊലീസ് അന്വേഷിക്കട്ടേയെന്നും മാതൃകാപരമായ നടപടി ഉറപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെഡിക്കൽ കോളേജിൽ അവർ നേരിടുന്ന മറ്റു പ്രതിസന്ധികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍