ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ; പൊലീസ് റിപ്പോർട്ട്
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്ന് പൊലീസ് റിപ്പോർട്ട്. കോഴിക്കോട് കുന്ദമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. താമരശ്ശേരിയിൽ നിന്നാകാം കത്രിക കുടുങ്ങിയതെന്ന മെഡിക്കൽ ബോർഡ് വാദം പൊലീസ് തള്ളി. . കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, മെഡിക്കൽ ബോർഡിന്റെ വാദത്തെ നിരാകരിക്കുന്നതാണ്.
താമരശേരി താലൂക്ക് ആശുപത്രിയിൽ നിന്നാകാം കത്രിക കുടുങ്ങിയതെന്ന മെഡിക്കൽ ബോർഡിന്റെ സംശയമാണ് പൊലീസ് റിപ്പോർട്ട് തള്ളുന്നത്. 2017ൽ ആണ് ഹർഷിനയ്ക്ക് മൂന്നാമത്തെ ശസ്ത്രക്രിയ നടത്തുന്നത്. ഒന്നും രണ്ടും ശസ്ത്രക്രിയകൾക്ക് ശേഷം കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ വച്ച് ഹർഷിനയ്ക്ക് എംആർഐ സ്കാനിംഗ് നടത്തിയിരുന്നു.
മെറ്റൽ ഉപകരണം വയറ്റിലുണ്ടെങ്കിൽ സ്കാനിംഗ് സാധ്യമാകില്ല. ഇത് സംബന്ധിച്ച വിദഗ്ധ അഭിപ്രായങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അതിന് ശേഷം ഒരു ശസ്ത്രക്രിയ മാത്രമേ ഹർഷിനയ്ക്ക് നടന്നിട്ടുള്ളു. അത് 2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളും ശാരീരിക അസ്വസ്ഥതകളും ആരംഭിച്ചത്. കത്രിക വയറ്റിൽ കുടുങ്ങിയതിന് ഉത്തരവാദികൾ 2017 ൽ ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ സംഘമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പ്രതികളെ അറസ്റ്റു ചെയ്തിട്ടും ആരോഗ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നാണ് ഹർഷിന പറയുന്നത്. നഷ്ടപരിഹാരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും അത്രയും വേദന താൻ അനുഭവിച്ചിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു ഹർഷിന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍