ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ചെങ്കൽ സ്വദേശിയെന്ന് സംശയം,അന്വേഷണം ആരംഭിച്ചു
കൊച്ചി: ആലുവയിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും നാട്ടുകാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
2017 ൽ പാറശാല സ്റ്റേഷനിൽ മറ്റൊരു ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചെങ്കൽ സ്വദേശിയുമായി ഏറെ സാമ്യം ഉള്ളയാളെയാണ് സിസിടിവി ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് സ്ഥിരം കുറ്റവാളിയായ ഈ ചെങ്കൽ സ്വദേശി തന്നെയാകാം പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
വർഷങ്ങളായി ഇയാൾ എറണാകുളത്താണ് താമസം. പാറശാല സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത പഴയ കേസുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കുറ്റകൃത്യം നടന്നത് പുലർച്ചെ ആയതിനാൽ പ്രതി തിരുവനന്തപുരം ജില്ലയിലേക്ക് കടന്നിട്ടില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടെന്ന് ആലുവ റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയൽവാസിയായ സുകുമാരൻ ആണ് കണ്ടത്. സാക്ഷിയും കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയ തട്ടികൊണ്ടുപോവുകയായിരുന്നു. പ്രതി പ്രദേശത്ത് തന്നെയുള്ളയാള്‍ ആണെന്ന് ദൃക്‌സാക്ഷി സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണ്.
നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി ഉപേക്ഷിച്ചുപോയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍