വിനോദസഞ്ചാരിയുടെ ഐ ഫോൺ കുരങ്ങൻ കുക്കയിലേക്ക് വലിച്ചെറിഞ്ഞു; തുണയായി അഗ്നിരക്ഷാസേന

താമരശ്ശേരി: വിനോദസഞ്ചാരിയുടെ ഐഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങ് കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിന്റെ   75000 രൂപ വില വരുന്ന ഐ ഫോൺ 12 പ്രോ ആണ് താമരശ്ശേരി ചുരത്തിൽ നിന്നും താഴേക്ക് എറിഞ്ഞത്.

കോഴിക്കോട് നിന്ന് വയനാട് കാണാൻ 
ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്റിൽ കാഴ്ചകൾ കാണുകയായിരുന്നു.ഇതിനിടെ 
ജീപ്പിൽ നിന്ന് ഫോൺ എടുത്ത കുരങ്ങൻ ചുരം വ്യൂ പോയിന്റിന്റെ അവിടെ താഴേക്ക് എറിയുകയായിരുന്നു. ഫോൺ എടുക്കാൻ ഒരു മാർഗവും ഇല്ലാതെ വന്നതോടെയാണ് ജാസിം ഫയർഫോഴ്സിനെ വിളിക്കുന്നത്. രാവിലെ ഒമ്പതോടെയാണ് വ്യൂ പോയിന്റിൽ നിന്ന് വിളിയെത്തിയതെന്ന് കൽപ്പറ്റ ഫയർഫോഴ്സ് അറിയിച്ചു. 

ഉടൻ തന്നെ പ്രദേശത്ത് ഫയർഫോഴ്സ് സംഘം എത്തി. ഫയർമാനായ ജിതിൻ കുമാർ എം റോപ്പ് കെട്ടി താഴെയിറങ്ങി ഫോൺ എടുത്ത ശേഷം ഉടമയ്ക്ക് തിരികെ നൽകി.30 മിനിറ്റ് നീണ്ട പരിശ്രമത്തിന് ഒടുവിലാണ് താഴെയിറങ്ങി ഫോൺ എടുക്കാനായത്. ഫോണിന് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ഫയർഫോഴ്സ് അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ പി എം, ഫയർമാൻമാരായ അനൂപ് എൻ എസ്, ധനീഷ്കുമാർ എംപി, ഷറഫുദീൻ ബി, ഹോം ഗാർഡ് പ്രജീഷ് കെ ബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍