തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ലോറി പോലീസ് പിടികൂടി

ഉള്ളിയേരി : സംസ്ഥാന പാതയില്‍ ഈസ്റ്റ്മുക്കിനു സമീപം മാതാം തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ലോറി അത്തോളി പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 23ന് അര്‍ധരാത്രിയിലാണ് മാലിന്യം തള്ളിയത്. മുമ്പും നിരവധി തവണ ഇതേ സ്ഥലത്ത് മാലിന്യം തള്ളിയിരുന്നു. ലോറി പിടികൂടണമെന്നാവശ്യപ്പെട്ടു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന ഉടമക്ക് പഞ്ചായത്ത് 75000 രൂപ പിഴയിട്ടത്. 

നിരവധിയാളുകള്‍ ആശ്രയിക്കുന്ന ജലസ്രോതസ്സില്‍ സ്ഥിരമായി മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും പൊതുപ്രവര്‍ത്തകര്‍ വിഷയത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളല്‍ പതിവാക്കിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തുക ഈടാക്കി ഫ്ലാറ്റുകള്‍, വീടുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഈ രീതിയില്‍  ഒഴുക്കിവിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍