ലഹരിമാഫിയ സംഘം പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിലായി

താമരശ്ശേരി: അമ്പലമുക്കു കൂരിമുണ്ടയിൽ ലഹരിമാഫിയ സംഘം പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പൊലിസിന്റെ പിടിയിലായി.

താമരശ്ശേരി പരപ്പൻ പൊയിൽ തെക്കേ പുറായിൽ സനീഷ് കുമാർ (39)നെയാണ് കോഴിക്കോട് പാളയത്ത് വെച്ച് താമരശ്ശേരി ഡി. വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം താമരശ്ശേരി എസ്. ഐ ജിതേഷും സംഘവും പിടികൂടിയത്.

സംഭവദിവസം ലഹരി മാഫിയ സംഘതലവനായ ചുരുട്ട അയ്യൂബിനോടൊപ്പം പൊലിസിനെ ആക്രമിക്കുവാനും നാട്ടുകാരനായ ഇർഷാദിനെവെട്ടി പരുക്കേല്പിക്കുവാനും ഇയാൾ ഉണ്ടായിരുന്നു. മയക്കുമരുന്നിനു അടിമകളായ ഇയാളും പെൺ സുഹൃത്ത് പുഷ്പ എന്ന റജീനയും ലഹരികേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
റജീന ഇപ്പോൾ ഈ കേസിൽ ജയിലിലാണ്.

സംഭവത്തിനു ശേഷം ഇയാൾ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈ വർഷം മെയ് ആറിന് ബാലുശ്ശേരി ഏകരൂലുള്ള വാടക വീട്ടിൽ നിന്നും ഒൻപതു കിലോ കഞ്ചാവുമായി സനീഷ് കുമാറിനെയും റജീനയെയും ബാലുശ്ശേരി പൊലിസ് പിടി കൂടിയിരുന്നു. ഈ കേസിൽ ജാമ്യം ഇറങ്ങിയതായിരുന്നു. പ്രതിയെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാൻന്റ് ചെയ്തു. ഈ കേസിൽ നേരത്തെ 12 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ താമരശ്ശേരി ആലപ്പടിമ്മൽ മുഹമ്മദ് സാക്കിർ മുൻകൂർ ജാമ്യം നേടി പോലീസിൽ ഹാജറായി.