സിഎന്‍ജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേര്‍ വെന്തുമരിച്ചു


കണ്ണൂര്‍: കതിരൂര്‍ ആറാംമൈല്‍ പള്ളിക്ക് സമീപം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു. പാനൂർ പാറാട് സ്വദേശികളും അയൽവാസികളുമായ പിലാവുള്ളതിൽ അഭിലാഷ് (36), ഷജീഷ് (30) എന്നിവരാണ് മരിച്ചത്.

തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ആറാംമൈലിന് സമീപം മൈതാനപ്പള്ളിയിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ദാരുണമായ അപകടമുണ്ടായത്. തലശ്ശേരി ഭാഗത്തുനിന്ന്‌ വന്ന എം ഫോർ സിക്‌സ് ബസും സി.എൻ.ജി.യിൽ ഓടുന്ന കെ.എൽ. 58 എജി 4784 ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞ ഓട്ടോയില്‍ തല്‍ക്ഷണം തീപടര്‍ന്നു. വന്‍തോതില്‍ തീപടര്‍ന്നതോടെ ഡ്രൈവറും യാത്രക്കാരനും ഓട്ടോയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ് വിവരം.

തീ ആളിക്കത്തിയോടെ ദൃക്‌സാക്ഷികള്‍ക്കും സമീപത്തേക്ക് അടുക്കാനോ തീ അണയ്ക്കാനോ സാധിച്ചില്ല. അഗ്നിരക്ഷാ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഇരുവരുടെയും മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍