ഗസയിൽ ഇസ്രഈൽ കൂട്ടക്കുരുതി നടത്തിയ ആശുപത്രി ക്രിസ്ത്യൻ രൂപതയുടെ കീഴിൽ

ജെറുസലേം: ഇസ്രഈൽ വ്യോമാക്രമണം നടത്തി തകർത്ത അൽ അഹ്ലി പ്രവർത്തിക്കുന്നത് ക്രിസ്ത്യൻ രൂപതയുടെ 
കീഴിൽ. ചൊവ്വാഴ്ച ഇവിടെ ഇസ്രഈൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. ആംഗ്ലിക്കൻ സഭയുടെ കീഴിൽ ജറുസലേം എപ്പിസ്കോപ്പൽ രൂപതയുടെ സഹായത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. സിറിയ, ഗസ തുടങ്ങിയ യുദ്ധഭൂമികളിൽ അശുപത്രികളും മറ്റ് സന്നദ്ധ സ്ഥാപനങ്ങളും സ്ഥാപിച്ചാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം. 

അൽ അഹ്ലി ഹോസ്പിറ്റലിൽ ബോംബാക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ വേദനയോടെയാണ് മനസിലാക്കുന്നതെന്നും അവിടുത്തെ 
ജനങ്ങളുടെ സുരക്ഷയ്ക്കായി 
പ്രാർത്ഥിക്കുന്നുവെന്നും എപ്പിസ്കോപ്പൽ രൂപത പ്രസ്താവനയിൽ പറഞ്ഞു. 

ഈ മേഖലയിലുള്ള തങ്ങളുടെ സേവനപ്രവർത്തനം തുടരുമെന്നും 'ഉപദ്രവം അനുഭവിക്കുന്നവരെങ്കിലും 
ഉപേക്ഷിക്കപ്പെടുന്നില്ല, 
വീണുകിടക്കുന്നവരെങ്കിലും നശിച്ചുപോകുന്നില്ല' എന്ന ബൈബിൽ വാചകം ഉദ്ധരിച്ചുള്ള 
പ്രസ്താവനയിൽ വ്യക്തമാക്കി. 

അതേസമയം, ഇസ്രഈൽ അക്രമണം നടത്തിയ അൽ അഹ്ലി ആശുപത്രിയിൽ നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ 
കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമാക്രമണത്തിൽ ആശുപത്രിയുടെ 80 ശതമാനവും തകർന്നുവെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ട ഒരു ഡോക്ടർ ബി.ബി.സിയോട് പറയുന്നത്. 

ഗസയിൽ അഭയാർഥി ക്യാമ്പായും ഈ ആശുപത്രി പ്രവർത്തിച്ചിരുന്നു. വീടു നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിലുണ്ടായിരുന്നു. ഇവിടേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ ഇസ്രഈൽ ആക്രമണം അഴിച്ചുവിട്ടത്. 12 ദിവസമായി നടക്കുന്ന ഏറ്റുമുട്ടലിൽ ഏറ്റവും വലിയ ജീവനാശം സംഭവിച്ച ആക്രമണവും ഇതാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍