തൊട്ടിൽപ്പാലത്ത് വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി സ്വര്‍ണമാല കവര്‍ന്നു

കോഴിക്കോട് തൊട്ടില്‍പാലം കായക്കൊടി സ്വദേശി സുഷമയുടെ മുഖത്താണ് മുളകുപൊടി വിതറിയത്. വീട്ടില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം മോഷ്ടാവ് ൈകക്കലാക്കി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിന്‍റെ മുകള്‍ഭാഗത്തെ വാതില്‍ ഇളക്കി അകത്തുകടന്ന കള്ളന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. 

കഴുത്തില്‍ അണിഞ്ഞിരുന്ന മാലയാണ് മോഷ്ടിച്ചത്. കൈയ്യിലെ വളയും പൊട്ടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും സുഷമ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സ്വര്‍ണാഭരണത്തിന് പുറമെ മൂവായിരം രൂപയും നഷ്ടമായിട്ടുണ്ട്. തൊട്ടില്‍പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമം നടത്തുന്നത്.