മുട്ടിൽ മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ഹിന്ദുവായ രാധാഗോപി മേനോൻ; അതേസമയം തന്നെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കമ്മിറ്റിയേയും നയിച്ചു; മതത്തിന്റെ പേരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ ഈ നാടിന് ഇങ്ങനെയും ഒരു ചരിത്രമുണ്ടെന്ന് അറിഞ്ഞിരിക്കണം
കൽപ്പറ്റ: കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായത് ഒരു ചരമ അറിയിപ്പായിരുന്നു. കളത്തിൽ ദിവാകരൻ എന്ന മനുഷ്യൻ കേരളത്തിൽ അധികമാരും അറിയുന്ന ഒരാളായിരുന്നില്ല. എന്നാൽ, അദ്ദേഹം കഴിഞ്ഞ ദിവസം മരിച്ചതോടെ അദ്ദേഹത്തിന്റെ ചരമം അറിയിച്ചുള്ള കുറിപ്പ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഒരു മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന രാധാഗോപി മേനോന്റെ മകനാണ് കളത്തിൽ ദിവാകരൻ എന്നായിരുന്നു ചരമം അറിയിച്ചുള്ള കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ഈ ചരമ കുറിപ്പ് വലിയ ചർച്ചയായി മാറുകയായിരുന്നു.
കളത്തിൽ ദിവാകരന്റെ ചരമ അറിയിപ്പുകളിൽ മുട്ടിൽ മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന രാധഗോപി മേനോന്റെ മകനെന്ന വിശേഷണം പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിന്റെ യാഥാർഥ്യം അന്വേഷിച്ചത്. ചരിത്രം തേടി പോയ അധ്യാപകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന് ഇക്കാര്യം സ്ഥിരീകരിച്ചാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.
മുട്ടിൽ പള്ളിക്കമ്മിറ്റി ഭാരവാഹികൾ നിധിപോലെ സൂക്ഷിച്ച 1949 ലെ മിനുട്‌സിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും ഹിന്ദുവായ രാധാഗോപി മോനോൻ എന്നു തന്നെയാണ്. ‘1949 ജൂൺ 20 -ാം തീയ്യതി ജമായത്ത കമ്മിറ്റി യോഗം ഇന്ന് മദ്രസയിൽ വെച്ച് കൂടുകയുണ്ടായി. കമ്മിറ്റിയിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഖജാൻജി, സെക്രട്ടറിമാർ എന്നീ ഭാരവാഹികളായി താഴെ പേരെഴുതുന്നവരെ യഥാക്രമം തിരഞ്ഞെടുത്തു. 74 വർഷം മുമ്പത്തെ പള്ളിക്കമ്മിറ്റിയുടെ ഈ അറിയിപ്പിലെ ആദ്യ പേരുകാരൻ രാധാഗോപി മേനോൻ എന്ന ഹിന്ദുമതസ്ഥനായിരുന്നു. നല്ല ഈശ്വരവിശ്വാസിയായ മേനോൻ മുട്ടിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരിക്കെ തന്നെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സാരഥ്യവും ഏറ്റെടുത്തിരുന്നു.
ജന്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായ രാധഗോപി മേനോൻ ജോലിയുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തുകയും മുട്ടിലിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു. മദ്രാസ് അസംബ്ലിയിൽ നിയമ മന്ത്രിയും കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവുമായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്റെ പത്നി എ വി കുട്ടിമാളു അമ്മയുടെ സഹോദരനാണ് അദ്ദേഹം. സ്വാതന്ത്ര്യ സമരകാലത്ത് കൈക്കുഞ്ഞുമായി ജയിലിൽ പോയ കുട്ടിമാളു അമ്മയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രാധാ ഗോപി മേനോൻ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുന്നത്. മലപ്പുറം ആനക്കരയിലെ വീട്ടിൽ നിന്ന് 1936 ലാണ് വയനാട്ടിലേക്കെത്തുന്നത്. ദേശീയപ്രസ്ഥാനത്തിൽ സജീവമായിരുന്ന അദ്ദേഹം 1989 ൽ കോൺഗ്രസിൽ ചേരുകയും പിന്നീട് മരണം വരെയും പാർട്ടിയുടെ സജീവ പ്രവർത്തകനുമായിരുന്നു.
ചെമ്പ്രപീക്ക് ഉൾപ്പെടുന്ന മലനിരകളിൽ പിയേഴ്‌സ് ലസ്ലി കമ്പനി സ്ഥാപിച്ച എസ്റ്റേറ്റിൽ മാനേജരായി വന്ന രാധഗോപി മേനോൻ എല്ലാവർക്കും പ്രിയങ്കരനും സർവ്വസമ്മതനുമായി തീരുകയായിരുന്നു. ഈ ജനകീയതയിൽ നിന്നാണ് മുട്ടിൽ മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷ പദവിയിലേക്കെത്തുന്നത്. പള്ളിയും വിശ്വാസികളുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിലെല്ലാം ഇദ്ദേഹത്തിന്റേത് അവസാന വാക്കുകളായിരുന്നു. വെള്ളിയാഴ്ചകളിൽ പള്ളിയിൽ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ സുസ്‌മേരവദനനായി മുറ്റത്തുണ്ടാകുന്ന രാധാഗോപി മേനോൻ, മുട്ടിൽ ദേശ ചരിത്രത്തിന്റെ ഭാഗമായിരുന്നിട്ടും അക്കാര്യം പുറംലോകമറിയാൻ മകന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നുവെന്നത് ആ കുടുംബത്തിന്റെയും രാധഗോപിമേനോന്റെയും ലാളിത്യം കൂടി വ്യക്തമാക്കി തരുന്നുണ്ട്.
നിസ്വരായ മനുഷ്യരെ സഹായിക്കുന്നതിൽ തെല്ലും പിശുക്ക് കാണിക്കാത്ത പ്രകൃതക്കാരനായിരുന്നു അച്ഛനെന്ന് മക്കളായ രാംദാസും രജനിയും ജയകുമാറും ഓർത്തെടുത്തു. രാധാഗോപിമേനോൻ സ്ഥാപിച്ച മുട്ടിൽ ചെറുമൂല എ യു പി സ്‌കൂൾ വയനാട് മുസ്ലീം ഓർഫനേജിന് വിട്ടുനൽകുകയാണുണ്ടായത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനും ഗാന്ധിയൻ ആശയപ്രചാരണത്തിനുമായി നിലകൊണ്ടിരുന്ന രാധഗോപി മേനോനോടുള്ള സ്‌നേഹവും ബഹുമാനവും ഇന്നും അദ്ദേഹത്തേിൻറെ കുടുംബത്തിന് മുട്ടിൽ നിവാസികൾ നൽകിപോരുന്നു. 1989 ൽ 84-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. മീനാക്ഷി അമ്മയാണ് ഭാര്യ.
74 വർഷം മുമ്പ് അന്ന് അപൂർവ്വമായിരുന്ന മഷിപേനയാൽ മിനുട്‌സിൽ എഴുതിച്ചേർത്ത മുസ്ലീം നാമധാരികൾക്കിടയിൽ ആദ്യ പേരുകാരനായ രാധഗോപി മേനോന്റെ മക്കൾക്കും മുട്ടിൽ ദേശത്തെ, അച്ഛൻ പ്രസിഡന്റായിരുന്ന പള്ളിയെയും വിശ്വാസികളെയും കുറിച്ച് നല്ലത് മാത്രമാണ് പറയാനുണ്ടായിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍