വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന;താമരശ്ശേരി സ്വദേശി അടക്കം നാലുപേര്‍ അറസ്റ്റില്‍
അട്ടപ്പാടിയില്‍ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന നാലുപേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശികളായ ആബിലോറ അരീക്കരവീട്ടിൽ അൻവർ,ചുണ്ടക്കുന്ന് ഷമീർ, അട്ടപ്പാടി സ്വദേശികളായ മുഹമ്മദ് ഹാഷിഫ്, ആദര്‍ശ് എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് 150 കിലോ കഞ്ചാവുമായി പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലയിലെ കഞ്ചാവ് മൊത്തവില്‍പനക്കാരാണ് യുവാക്കളെന്ന് എക്സൈസ്.
രാവിലെ വാളയാര്‍ ഭാഗത്ത് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിന്തുടര്‍ന്ന് പിടികൂടിയ അബ്ബാസില്‍ നിന്നായിരുന്നു തുടക്കം. കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മുപ്പത് കിലോ കഞ്ചാവുമായി അബ്ബാസ് പിടിയിലായതിന് പിന്നാലെ അട്ടപ്പാടിയിലെ രഹസ്യ കേന്ദ്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നു. കോട്ടത്തറ ഭാഗത്തെ വാടക വീട്ടിലാണ് ആന്ധ്രയില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പച്ചക്കറി, പലചരക്ക് വാഹനങ്ങളില്‍ ഒളിപ്പിച്ച് അതിര്‍ത്തി കടത്തുന്ന കഞ്ചാവിന്റെ ഇടപാട് അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു. ഉദ്യോഗസ്ഥര്‍ വീട് വളഞ്ഞ് പരിശോധിക്കുമ്പോള്‍ രണ്ട് കാറുകളിലായി നൂറ്റി അന്‍പത് കിലോ കഞ്ചാവാണ് ഒളിപ്പിച്ചിരുന്നത്.
ഏഴ് ചാക്കുകളിലായി വില്‍പനയ്ക്ക് കൊണ്ടുപോവാന്‍ തയ്യാറാക്കിയിരുന്ന ലഹരി. അന്‍വര്‍, മുഹമ്മദ് ഹാഷിഫ്, ആദര്‍ശ്, അബ്ബാസ് എന്നിവരെല്ലാം ഒരേ സംഘത്തിലെ കണ്ണികളാണ്. ലഹരിയുടെ മൊത്തവില്‍പ്പനക്കാരായ സംഘം ഫോണില്‍ ഇടപാടുറപ്പിക്കുന്ന പതിവുകാര്‍ക്ക് നേരിട്ട് വാഹനത്തില്‍ ലഹരിയെത്തിക്കുന്നതായിരുന്നു രീതി. സംഘത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ ടി.അനികുമാറിന് ലഭിച്ച വിവരം പിന്തുടര്‍ന്നായിരുന്നു പ്രത്യേക സംഘത്തിന്റെ പരിശോധന. കേരള തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് നിലയുറപ്പിച്ച് ഉദ്യോഗസ്ഥര്‍ നടത്തിയ നിരീക്ഷണമാണ് കൂടിയ അളവ് ലഹരി പിടികൂടാന്‍ സഹായമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍