തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം: കര്‍ഷകര്‍ ആശങ്കയില്‍..!


കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് (ചോളത്തണ്ട്) കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചാമരാജ് ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ സി.ടി. ശില്പനാഗാണ് നിരോധനത്തിന് ഉത്തരവിട്ടത്. കര്‍ണാടകയില്‍ മഴ കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് നിരോധനത്തിന്‍റെ പ്രധാന കാരണം. ഇതോടെ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ ദുരിതത്തിലായി.

ജില്ലയില്‍നിന്നടക്കം സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകരാണ് കര്‍ണാടകയില്‍ നിന്നുള്ള തീറ്റപ്പുല്ലിനെ ആശ്രയിച്ചിരുന്നത്. ക്ഷീരോത്പാദക സംഘങ്ങള്‍ സബ്സിഡി നിരക്കില്‍ ആയിരുന്നു ഇവിടെ നിന്നും എത്തിച്ച തീറ്റപ്പുല്ല്, കച്ചി തുടങ്ങിയവ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നത്. ചെറുകിട ഫാം കര്‍ഷകരും ഇവിടെ നിന്നും തീറ്റപ്പുല്ല് എത്തിക്കുമായിരുന്നു. നൂറുകണക്കിന് ടാക്സി വാഹനങ്ങളിലാണ് കേരളത്തിലേക്ക് പുല്ല് എത്തിച്ചിരുന്നത്. ലോണെടുത്ത് വാഹനം വാങ്ങിയ ഇവരില്‍ പലരും ഇപ്പോള്‍ ദുരിതത്തിലാണ്. ക്ഷീരമേഖലയിലെ ചെറുകിടക്കാരായ 80 ശതമാനം കര്‍ഷകരും പ്രതിസന്ധിയിലാണ്. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കളക്ടര്‍ തലത്തില്‍ ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍