ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ റൂട്ട് ബസായി ഓടരുത്; ഹൈക്കോടതി വിധി റോബിന്‍ പരീക്ഷണത്തിനും തിരിച്ചടി


അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതിവിധി റോബിൻ ബസ് ഉടമയുടെ പരീക്ഷണത്തിനും തിരിച്ചടിയാകും. അഖിലേന്ത്യാ പെർമിറ്റ് നേടിയാൽ സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സർവീസ് നടത്താമെന്നായിരുന്നു ബസ്സുടമ ഗിരീഷിന്റെ അവകാശവാദം.

ഇത് തള്ളിയാണ് കൊല്ലം നെല്ലേറ്റിൽ സ്വദേശികളായ 'പുഞ്ചിരി' ബസ്സുടമകൾ നൽകിയ കേസിലും വിധിവന്നത്. സമാന സ്വഭാവമുള്ള കേസുകളിലെ വിധി കെ.എസ്.ആർ.ടി.സി.ക്കും മോട്ടോർവാഹനവകുപ്പിനും ഒരുപോലെ ആശ്വാസമാകും.

അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ സംസ്ഥാനത്തെ ദീർഘദൂരപാതകൾ കൈയടക്കാനുള്ള അന്തഃസംസ്ഥാന ബസ് ലോബിയുടെ നീക്കത്തിനുള്ള തിരിച്ചടിയായാണ് ഈ വിധിയെ കെ.എസ്.ആർ.ടി.സി. അധികൃതർ കാണുന്നത്.

റോബിൻ ബസ്സുടമയെ അന്യായമായി വേട്ടയാടുന്നെന്ന ആക്ഷേപമാണ് മോട്ടോർവാഹനവകുപ്പിന് നേരിടേണ്ടിവന്നത്. സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമർശനം ഉയർന്നിരുന്നു. ഹൈക്കോടതിവിധി റോബിൻ കേസിലെ നിയമനടപടികളെ ശരിവെക്കുന്നു.

ടൂറിസ്റ്റ് ബസുകളുടെ അതിർത്തികടന്നുള്ള സുഗമമായ യാത്രയ്ക്കുവേണ്ടി കേന്ദ്രസർക്കാർ ഇറക്കിയ നിയമം ദുർവ്യാഖ്യാനംചെയ്ത് മുതലെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ കുറ്റപ്പെടുത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍