താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈലും കവര്‍ന്നു.
താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. കാറുമായി സംഘം കടന്നതായും പരാതിയില്‍ പറയുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ചുരത്തിലെ ഒൻപതാം വളവിനു താഴെ രാവിലെ എട്ട് മണിയോടെയാണ് കവര്‍ച്ച. മൈസൂരുവില്‍ നിന്നു കൊടുവള്ളിയിലേക്ക് വരികയായിരുന്നു മൈസൂരു ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച സംഭവം നടന്നിട്ടും വിശാല്‍ ഇന്നലെയാണ് പരാതി നല്‍കിയത്. പൊലീസില്‍ പറഞ്ഞാല്‍ കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി വൈകിയതെന്നാണ് ഇയാള്‍ പറയുന്നത്.
മൈസൂരുവില്‍ നിന്നു ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് വിശാല്‍ കൊടുവള്ളിയിലേക്ക് കാറില്‍ വന്നത്. ഒൻപതാം വളവിലെത്തിയപ്പോള്‍ പിന്നില്‍ രണ്ട് കാറുകളിലായി പന്തുടര്‍ന്നെത്തിയ സംഘം വിശാലിന്റെ കാര്‍ തടഞ്ഞിട്ടു. വശത്തെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത സംഘം വിശാലിനെ കാറില്‍ നിന്നു വലിച്ചു പുറത്തിട്ടു. കമ്ബിയടക്കമുള്ളവ ഉപയോഗിച്ചു അടിച്ചു പരിക്കേല്‍പ്പിച്ചു. കാറില്‍ സൂക്ഷിച്ച പണവും മൊബൈലും എടുത്തു സംഘം കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചു പോയി.*
കൊടുവള്ളിയില്‍ നിന്നു പഴയ സ്വര്‍ണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണുമാണ് കാറിലുണ്ടായിരുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം ഇതു കുഴല്‍പ്പണമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍