പ്രവർത്തന പഥത്തിൽ പുതിയൊരധ്യായം രചിച്ച് എം എസ് എഫ് ചുരം ക്യാമ്പ് പുനർവായന

താമരശ്ശേരി : ആദർശ രാഷ്ടീയത്തിന്റെ ഉൾക്കാമ്പ് തേടുന്നവർക്ക് വിദ്യാർഥി രാഷ്ടീയ കാലം അവരുടെ ഗതകാല സ്മരണയിലെ ആവേശവും ആനന്ദദായകവുമായ ഓർമ്മകളാണ്. 1984 ജനുവരി 2, 3 തിയ്യതികളിൽ താമരശ്ശേരി ചുരത്തിൽ നടന്ന തിരുവമ്പാടി മണ്ഡലം എം.എസ് എഫ് ക്യാമ്പിന്റെ മധുരിക്കുന്ന ഓർമ്മകൾ നാൽപത് വർഷത്തിനു ശേഷം ഒന്നിച്ചിരുന്ന് അയവിറക്കിയത് സംഘടന രംഗത്ത് വേറിട്ട അനുഭവമായി. അന്നത്തെ ക്യാമ്പിൽ പങ്കെടുത്ത പ്രതിനിധികളും നേതാക്കളും അന്നത്തെ സമര യൗവനം ഓർത്തെടുത്തപ്പോൾ സദസ്സ് വികാരഭരിതമായി. കോവിഡിന്റെ കാലത്ത് വിട പറഞ്ഞ പി.സി. നാസർ നഗറിൽ മുതിർന്ന ലീഗ് നേതാവ് ടി.കെ. ഇമ്പിച്ചമ്മദ് ഹാജി പതാക ഉയർത്തി. ചുരം ക്യാമ്പ് അവലോകനം ലേഖകൻ ജാഫർ കോളിക്കൽ വായിച്ചു കേൾപിച്ചു.
ചുരത്തിലെ നാലാംവളവിനു മുകളിൽ കാടു വെട്ടിത്തെളിയിച്ച് കാട്ടു കൊമ്പുകൊണ്ട് പന്തലൊരുക്കി ജനറേറ്റർ കൊണ്ട് വെട്ടം തെളിയിച്ച് ഉള്ളാടൻ കാറ്റത്തെ കാട്ടുകുളിരും കോടമഞ്ഞും തഴുകി ഉയിർത്ത അനുഭവസ്ഥരെല്ലാം മായാത്ത ഓർമ്മകളുമായി ഹരിത രാഷ്ട്രീയത്തെ മനസാ എതിരേറ്റവരാണ്. ക്യാമ്പിൽ നിറ സാന്നിധ്യമായിരുന്ന പി.എ റഷീദ് പുനർവായന സംഗമം ഉദ്ഘാടനം ചെയ്തു. അന്നത്തെ തിരുവമ്പാടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. വി.എം. ഉമ്മർ മാസ്റ്റർ, നവാസ് പൂനൂർ, അഹമ്മദുകുട്ടി ഉണ്ണികുളം, വി.കെ.സി ഉമർ മൗലവി, വി.പി.ഇബ്രാഹിം കുട്ടി, സി.എ.മുഹമ്മദ്, അബ്ദുല്ല ബുഖാരി തുടങ്ങിയവർ സംസാരിച്ചു. ജെ.ടി.അബ്ദുറഹിമാൻ  മാസ്റ്റർ, എ.കെ.അബ്ബാസ്, എ.പി. ഹംസ മാസ്റ്റർ, അശ്റഫ് ഒതയോത്ത്, ജാഫർ കോളിക്കൽ, കെ.വി.മുഹമ്മദ്, വി.പി.അബ്ദുറഹിമാൻ, ഇഖ്ബാൽ പൂക്കോട് എന്നിവർ പുനർവായനക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ അവലോകന സമർപ്പണം നടത്തിയ ജാഫർ കോളിക്കൽ, പാശ്ചാത്തല സൗകര്യമൊരുക്കാൻ കഠിന പ്രയത്നം നടത്തിയ കോട്ടക്കുഴി അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍