പപ്പടക്കോല്‍ വിഴുങ്ങിയ യുവതി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂർവ രക്ഷപ്പെടൽ
കോഴിക്കോട്: അത്യപൂര്‍വമായ ഒരു ജീവിതം വീണ്ടെടുക്കലിന് കാരണക്കാരായി മാറിയതിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മലപ്പുറം സ്വദേശിനിയായ യുവതിയെ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്.
മലപ്പുറം സ്വദേശിനി അബദ്ധത്തില്‍ വിഴുങ്ങിയത് നീണ്ട ഒരു പപ്പടക്കോലായിരുന്നു. വളരെ പ്രശസ്തമായ സ്വകാര്യ ആശുപത്രികള്‍പോലും കൈവെടിഞ്ഞപ്പോഴാണ് 33കാരിയുമായി ഭര്‍ത്താവ് മെഡിക്കല്‍ കോളജിലെത്തിയത്. എക്സ് റേയില്‍ പപ്പടക്കമ്ബി വളരെ വ്യക്തമായിരുന്നു. അന്നനാളത്തിലൂടെ പോയി ഇടതു ശ്വാസ കോശം തുരന്ന് ആമാശയത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ലോഹത്തില്‍ തീര്‍ത്ത പപ്പടക്കമ്ബി.
ഓപറേഷൻ ചെയ്യുകയാണെങ്കില്‍ അതിസങ്കീര്‍ണമാണ് കാര്യങ്ങളെന്ന് എല്ലാവര്‍ക്കും ബോധ്യമായിരുന്നു. ഹൃദയമടക്കമുള്ള അവയവങ്ങള്‍ മുഴുവനായും തുറന്നുമാത്രമേ കോല്‍ പുറത്തെടുക്കാനാവൂ. വിജയസാധ്യതയാണെങ്കില്‍ തീരെ കുറവ്. ഈഅവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് വായില്‍ക്കൂടി തന്നെ കോല്‍ വലിച്ചെടുക്കാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിച്ചത്. ഇ.എൻ.ടി, അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ കഠിനാധ്വാനവും സമയോചിതമായ ഇടപെടലും മൂലം വലിയ പരിക്കുകള്‍ കൂടാതെ പപ്പടക്കോല്‍ വായിലൂടെ തന്നെ വലിച്ചെടുക്കാൻ സാധിച്ചു.
”ഭാഗ്യം തുണച്ചു എന്നത് നേരാണ്. എന്നാല്‍, ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനവും മെഡിക്കല്‍ കോളജിലെ ആധുനിക ഉപകരണങ്ങളും കൂടിയാണ് സംരംഭം വിജയത്തിലെത്തിച്ചത്” -ഡോ. ഫിജുല്‍ കോമു പറഞ്ഞു. ഏത് നിമിഷവും ഹൃദയം തുറന്നുള്ളഎന്നുള്ളതുകൊണ്ടുതന്നെ അതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതിനു ശേഷമായിരുന്നു രോഗിയെ ബോധംകെടുത്തി കമ്ബി പുറത്തെടുക്കാൻ ശ്രമിച്ചത്. ഏതു സമയത്തും ലോഹക്കമ്ബി പൊട്ടിപ്പോകാനും ഏതെങ്കിലും ആന്തരികാവയവങ്ങളില്‍ കമ്ബിയുടെ കൂര്‍ത്ത ഭാഗം തട്ടി രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു. ഫൈബര്‍ ഒപ്റ്റിക് ഇൻടുബേറ്റിങ് വിഡിയോ എൻഡോസ്കോപ്, ഡയറക്‌ട് ലാറിങ്നോസ്കോപി എന്നീ ആധുനിക ഉപകരണങ്ങളാണ് ഈ സമയം ഡോക്ടര്‍മാരുടെ രക്ഷക്കെത്തിയത്. ഐ.സി.യുവില്‍ യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുകയാണ്.
ഇ.എൻ.ടി അസോസിയറ്റ് പ്രഫസര്‍ എം.കെ. ശ്രീജിത്, അനസ്തേഷ്യ പ്രഫസര്‍മാരായ പി.എം.എ. ബഷീര്‍, ഫിജുല്‍ കോമു, എസ്. വിനീത, സര്‍ജറി പ്രഫ. ഷാജഹാൻ, കാര്‍ഡിയോ തൊറാസിക് സര്‍ജൻ അതുല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. പെര്‍ഫ്യൂഷൻടെക്‌നീഷ്യൻ ബാലൻ, അനസ്തേഷ്യ ടെക്നീഷ്യന്മാരായ മുബീന ഷിനി, ഹനീഫ പാനായി, സ്റ്റാഫ് നഴ്സ് ഹിമാബാല എന്നിവരും പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍