കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിൽ കൊയ്ത്തുത്സവം
കട്ടിപ്പാറ : നസ്രത്ത് യുപി സ്കൂളിൽ കൊയ്ത്തുത്സവം കട്ടിപ്പാറ അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.ജംഷീന ഉദ്ഘാടനം ചെയ്തു. കൊയ്ത്തുവേഷത്തിൽ പാട്ടുകൾ ആലപിച്ച കുട്ടികൾ, പാട്ടുകൾക്കനുസരിച്ച് താളം പിടിക്കുന്ന വിദ്യാർത്ഥികൾ, അധ്യാപകർ, വിശിഷ്ടാതിഥികൾ തുടങ്ങി എല്ലാവരും കൊയ്ത്തുത്സവത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഒരു അവിസ്മരണീയ മുഹൂർത്തം തന്നെ സൃഷ്ടിച്ചു. കുട്ടികളെ നെൽകൃഷി പരിചയപ്പെടുത്തുന്നതിനും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു സ്കൂളിൽ 80 ദിവസം കൊണ്ട് വിളവെടുക്കാവുന്നതും ഏറെ ഔഷധ ഗുണമുള്ള തുമായ രക്തശാലി ഇനത്തിൽപ്പെട്ട നെല്ല് വിതച്ചത്. നെല്ലിന്റെ വളർച്ചയുടെ ഓരോ ഘട്ടവും കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും ഒരു ആവശ്യഘട്ടം വന്നാൽ പ്രയോഗിക്കുവാനും ഇതുകൊണ്ട് കഴിഞ്ഞതായി സ്കൂൾ ഹെഡ്മാസ്റ്റർ ജിജോ സാർ അഭിപ്രായപ്പെട്ടു. എം.പി.ടി.എ പ്രസിഡണ്ട് ഷിൻസി വിനു അധ്യക്ഷത വഹിച്ചു.എൽ. പി.സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ്, സി.പി. സാജിദ്, ഷിബു കെ.ജി,തോമസ് കെ.യു, ലിബിൻ മാത്യൂ, ഡയാന ബെന്നി, ധന്യ സി.എസ്, എലിസബത്ത് കെ.എം, സ്കൂൾ ലീഡർ മുഹമ്മദ് അമീൻ, എം.പി.ടി.എ ഭാരവാഹികളായ മനീഷ, ഡയാന തുടങ്ങിയവർ സംസാരിച്ചു. ഇതുപോലെ പലതരത്തിലുള്ള കൃഷി രീതികൾ പരീക്ഷിച്ചു കൊണ്ട് കുട്ടികൾ കാർഷിക മേഖലയിലേക്ക് ഇറങ്ങണമെന്ന് ഉദ്ഘാടന സംസാരത്തിൽ കൃഷി ഓഫീസർ കെ.ജംഷീന ഓർമിപ്പിക്കുകയും എന്ത് സഹായം വേണമെങ്കിലും നൽകാൻ തയ്യാറാണെന്ന ഉറപ്പ് കുട്ടികൾക്ക് നൽകുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍