പൊന്നാനി മഊനത്തുല്‍ ഇസ് ലാം സഭയുടെ സ്ഥലത്ത് പള്ളി നിര്‍മിക്കുന്നത് പുരാതന ക്ഷേത്രം തകര്‍ത്തെന്ന വ്യാജ പ്രചരണം
പൊന്നാനി: വര്‍ഷങ്ങളായി പൊന്നാനി മഊനത്തുല്‍ ഇസ് ലാം സഭയുടെ അധീനതയിലുള്ള സ്ഥലത്ത് പള്ളി നിര്‍മിക്കുമ്പോള്‍ അതിനെതിരേ നുണ പ്രചാരണം. പുരാതന ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിക്കുന്നതെന്നാണ് പ്രചാരണം നടക്കുന്നത്. ദിനേശ് എന്നു പേരുള്ള താനൂര്‍ സ്വദേശിയാണ് ആദ്യം ഇത്തരമൊരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത്. പൊന്നാനി താലൂക്കില്‍ കാഞ്ഞിരമുക്കിലുള്ള പുരാതന തളി മഹാദേവ ക്ഷേത്രഭൂമിയില്‍ പള്ളി നിര്‍മിക്കുന്നുവെന്നാണ് വ്യാജ പ്രചാരണം.
2.15 ഏക്കര്‍ വിസ്തൃതിയില്‍ ആനപ്പള്ളമതിലോടെ ഉണ്ടായിരുന്ന മഹാദേവ ക്ഷേത്രമാണത്രേ തകര്‍ത്തത്. ഗുരുവായൂര്‍ ദേവസ്വവും മല്ലിശ്ശേരി മനയുമാണ് രേഖാമൂലം ഈ ക്ഷേത്രത്തിന്റെ ഊരാളന്മാര്‍. ഈ ക്ഷേത്രഭൂമി അന്യാധീനപ്പെട്ടു. തളിക്ഷേത്ര ഭൂമി അപ്രകാരം കയ് വശം വച്ചത് ഇതര മതസ്ഥനാണ്. അയാള്‍ ഏതോ രേഖയുണ്ടാക്കി പൊന്നാനി മൗനത്തുല്‍ ഇസ് ലാം സഭയ്ക്ക് വഖ്ഫ് ചെയ്തുവെന്നും 2002ല്‍ ഈ ഭൂമിയില്‍ ക്ഷേത്രം കണ്ടിട്ടുണ്ടെന്നും ദിനേശ് അവകാശപ്പെടുന്നു.
തകര്‍ക്കപ്പെട്ടത് ഒരു ക്ഷേത്രമല്ല. പൂജ മുടങ്ങിയ ഒരു മഹാക്ഷേത്രമായിരുന്നു. കഴിഞ്ഞ മാസം വീണ്ടും ഇതേ ക്ഷേത്രഭൂമിയില്‍ വന്നപ്പോള്‍ കണ്ട കാഴ്ച, ക്ഷേത്രം പൂര്‍ണമായും നീക്കം ചെയ്ത് അവിടെ പള്ളി പണിതു കൊണ്ടിരിക്കുകയാണെന്നുമാണ് ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. വിഷയത്തില്‍ തളി മഹാദേവ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് ഒരു വിഭാഗം ആളുകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഘ്പരിവാര്‍ നേതാവായ അഡ്വ. കൃഷ്ണരാജ് മുഖേനയാണ് നീക്കം. യഥാര്‍ഥത്തില്‍ വര്‍ഷങ്ങളായി ഈ സ്ഥലം മഊനത്തുല്‍ ഇസ് ലാം സഭയുടെ വഖ്ഫ് ഭൂമിയാണ്.
ഇവിടെ സഭ നാലാം ക്ലാസുവരെയുള്ള സ്‌കൂള്‍ നിര്‍മിച്ചിരുന്നു. പിന്നീടിത് ഏഴുവരെ ഉയര്‍ത്തി. കുട്ടികള്‍ കുറഞ്ഞതോടെ ഈ കെട്ടിടം സമസ്തയുടെ കീഴിലുള്ള മത സ്ഥാപനമാക്കി മാറ്റി. ഇതിന്റെ ഭാഗമായി പള്ളിയും കാന്റീനുമാണ് സ്ഥലത്ത് നിര്‍മിക്കുന്നത്. ഇവിടെ ക്ഷേത്രമോ അമ്പലമോ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് പഴമക്കാര്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രചാരണം വര്‍ഗീയ താല്‍പര്യം വച്ചാണെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് സ്ഥാപന മേധാവികള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍