അപ്രതീക്ഷിത ദുരന്തം; നാടിന് നോവായി ആയിഷ റിദയും ഫാത്തിമ മുഹ്സിനയും
മലപ്പുറം: കരിമ്പുഴയിൽ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത് കരുളായി വനത്തിൽ നെടുങ്കയം ടൂറിസം കേന്ദ്രത്തിൽ പ്രകൃതി പഠന ക്യാംപിനെത്തിയ സംഘത്തിലെ വിദ്യാർത്ഥിനികൾ. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്. വനം വകുപ്പുമായി സഹകരിച്ച് സ്കൂൾ അധികൃതർ ക്രമീകരിച്ച സ്‌കൗട്സ് ആൻഡ് ഗൈഡ്സിന്റെ രണ്ടു ദിവസത്തെ ക്യാംപിനെത്തിയതായിരുന്നു സംഘം. അധ്യാപകരുടെയും വനപാലകരുടെയും കൺമുന്നിലാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ഒരു കുട്ടിയെ ഇവർക്ക് രക്ഷപെടുത്താനായി.
കലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ 49 കുട്ടികളുമായി വെള്ളിയാഴ്ച വൈകിട്ട് 4ന് ആണ് ടൂറിസ്റ്റ് ബസിൽ സംഘം നെടുങ്കയത്തെത്തിയത്. ഒൻപത് അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ക്യാംപ് തുടങ്ങുന്നതിന് മുൻപ് ഇവർ അഞ്ചരയോടെ നെടുങ്കയം പരിസരം ചുറ്റിക്കാണാൻ ഇറങ്ങി. ഇതിൽ ഡോസൻ പാലത്തിനു സമീപം കരിമ്പുഴയിൽ ഇറങ്ങിയ കുട്ടികളിൽ മൂന്നുപേർ കയത്തിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകൻ മുബഷിർ ഒരാളെ രക്ഷപ്പെടുത്തി. ബാക്കി രണ്ടുപേർ പിടിവിട്ട് മുങ്ങിത്താഴ്ന്നു.
അഞ്ചാൾ താഴ്ചയുള്ള കയമാണ് ഇവിടെയുള്ളത്. നിലവിളികേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തനം തുടങ്ങി. വിവരം അറിഞ്ഞ് കരുളായി റേഞ്ച് ഓഫിസർ പി.കെ. മുജീബ് റഹ്മാൻ സ്ഥലത്തെത്തി. 6.30 യോടെ വനംവകുപ്പ് ഡ്രൈവർ സിദ്ദിഖ് അലി ആയിഷയെയും ഫാത്തിമയെയും മുങ്ങിയെടുത്തു. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നാണ് മരണം സ്ഥിരീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍