ഓടുന്ന ബസിൽ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് 'ഹാപ്പി ഡേയ്സ്' കണ്ടക്ടർ; അറസ്റ്റിൽ
മലപ്പുറം: എടപ്പാളിൽ സ്വകാര്യ ബസിൽ സീറ്റിൽ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ഹാപ്പി ഡേയ്‌സ്' ബസിലെ കണ്ടക്‌ടറും കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബിനെ (26) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പെരുമ്പിലാവിലെ കോളേജിൽ മൂന്നാം വർഷ ജേണലിസം വിദ്യാർത്ഥിനിയും കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയുമായ പെൺകുട്ടിയെയാണ് ഷുഹൈബ് മർദിച്ചത്. എടപ്പാളിൽ നിന്നു പെരുമ്പിലാവിലേക്ക് കയറിയ വിദ്യാർത്ഥിനി ഒഴിവുള്ള സീറ്റിൽ ഇരുന്നു. ഈ സമയം സീറ്റിനു സമീപം എത്തിയ കണ്ടക്‌ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ കണ്ടക്‌ടർ വിദ്യാർത്ഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നുവെന്നാണ് കേസ്.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വിവരം കോളേജിലെ അധ്യാപകരെയും വീട്ടുകാരെയും അറിയിച്ച ശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍