ലവ് ജിഹാദ് ഉണ്ടെന്ന്  കെ.കെ. ശൈലജ പറഞ്ഞതായി മാതൃഭൂമിയുടെ പേരിൽ വ്യാജ പ്രചാരണം


തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സമൂഹ മാധ്യമങ്ങളിലെല്ലാം പ്രചാരണാവേശവും കത്തിക്കയറുകയാണ്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ് ഓരോ പാർട്ടികളും. വാഗ്ദാനങ്ങളും അവകാശവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അക്കമിട്ട് നിരത്തിയുള്ള പ്രചാരണങ്ങൾ മാത്രമല്ല നടക്കുന്നത്. എതിർ സ്ഥാനാർത്ഥിക്ക് അവമതിപ്പുണ്ടാക്കുന്ന അല്ലെങ്കിൽ അവരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും പലരും നിർദയം എർപ്പെടുന്നുണ്ട്.

അത്തരത്തിൽ തുടർച്ചയായ സൈബർ ആക്രമണങ്ങളാണ് വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കു നേരെ നടക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് മാതൃഭൂമി ഡോട്ട് കോമിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ. 'ലവ് ജിഹാദ് ഉണ്ട്, ധാരാളം മുസ്ലിം ചെറുപ്പക്കാർ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തി'യതായി ശൈലജ പറഞ്ഞതായാണ് അവകാശവാദം. എന്നാൽ ഇത് തീർത്തും വ്യാജമാണ്.

2021 മെയ് 18ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത പോസ്റ്റർ എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ മാതൃഭൂമി ഇങ്ങനൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. കാരണം, കെ.കെ. ശൈലജ ഇത്തരമൊരു പരാമർശമേ നടത്തിയിട്ടില്ല.

സമാനമായി, 'വടകരയിലെ സി.പി.എം. സ്ഥാനാർത്ഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടതെന്ന്' കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു എന്ന തരത്തിൽ ഒരു പോസ്റ്റർ മാതൃഭൂമി ഫാക്ട് ചെക്കിന് വ്‌സ്തുതാ പരിശോധനയ്ക്കായി ലഭിച്ചിരുന്നു. 'ശൈലജയുടേയും സി.പി.എം. നേതാക്കളുടെയും അറിവോടെയാണ് വടകരയിലെ എതിർ സ്ഥാനാർത്ഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത്' എന്ന് കാന്തപുരം പറഞ്ഞതായാണ് പോസ്റ്ററിലുള്ളത്.

ഇതും വ്യാജപ്രചാരണമാണ്. കാന്തപുരം അബൂബക്കർ മുസ്ല്യാർ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല. വ്യാജ പ്രചാരണത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ പ്രതികരണത്തിനായി കെ.കെ. ശൈലജയുമായി ബന്ധപ്പെട്ടു. പരാജയഭീതി മൂലം എതിരാളികളാണ് തുടർച്ചയായി ഇത്തരം വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്ന് അവർ പറഞ്ഞു. വ്യാജവാദങ്ങൾ ഉന്നയിച്ച് തന്നെ വ്യക്തിഹത്യ നടത്തുകയാണവർ. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രചാരണം മുസ്ലീം സമുദായത്തിനിടിയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ തനിക്കുള്ള സ്വാധീനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നും കെ.കെ. ശൈലജ പറഞ്ഞു. തുടർച്ചയായ സൈബർ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നത്. സ്ത്രീയെന്ന പിരഗണന പോലും നൽകാതെ സഭ്യേതരമായ തരത്തിലുള്ള പ്രചാരണങ്ങൾ വരെ നടന്നു. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍