പയ്യോളി അപകടം; "അമ്മക്ക് പിന്നാലെ മകനും മരിച്ചു

പയ്യോളി: ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മകനും മരിച്ചു. അപകടത്തിൽ കാർയാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കേറ്റു. മടവൂർ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിൻ്റെ ഭാര്യ തൻസി(33), മകൻ ബിശുറുൽ ഹാഫി (7) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ പയ്യോളി-വടകര ദേശീയപാതയിൽ ഇരിങ്ങൽ മങ്ങുൽപാറക്ക് സമീപം ആറുവരിപാതയുടെ നിർമാണം പൂർത്തീകരിച്ച ഭാഗത്താണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും സ്വദേശമായ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെ കുട്ടികളടക്കം എട്ട് പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വൺവേയായി താൽക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത ഏറെ വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്. കാറിൻ്റെ മുൻഭാഗം പൂർണമായും നിർത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന മരണപ്പെട്ട തൻസിയെ ഏറെനേരത്തെ ശ്രമഫലമായാണ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കാനായത്. മയ്യിത്ത് നിസ്കാരം ഇന്ന് താനിയാടൻകുന്ന് ജുമാമസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍