യുവതിയുടെ മാല പൊട്ടിച്ചോടിയ കള്ളൻ 'ക്യാമറയിൽ'

കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം രാവിലെ യുവതിയുടെ മാല പൊട്ടിച്ചോടിയ കള്ളൻ 'ക്യാമറ'യിൽ കുടുങ്ങി. ഇയാൾ തീവണ്ടിയിൽ കയറി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറയുമ്പോൾ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത എളമക്കര പോലീസ് ഇത് നിഷേധിക്കുന്നു.

വെള്ളിയാഴ്ച രാവിലെ ഒൻപതേകാലോടെ പോണേക്കര ഇടപ്പള്ളി രാഘവൻ പിള്ള പാർക്കിന് സമീപം ജവാൻ ക്രോസ് റോഡിലാണ് സംഭവം നടന്നത്. ആളൊഴിഞ്ഞ വഴിയിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മാല പെട്ടെന്ന് പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു കള്ളൻ. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ ഇയാളുടെ ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

കറുത്ത ടീഷർട്ടും ഷോർട്‌സും ധരിച്ച ഇയാൾ ചെരിപ്പൊന്നുമില്ലാതെയാണ് ഓടുന്നത്. തൊട്ടടുത്തു തന്നെയാണ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ എന്നതിനാൽ തീവണ്ടിയിൽ കയറി രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവതി കള്ളനു പിന്നാലെ ഓടുന്നതു കണ്ട് ആളെ പിടികൂടാതെ നോക്കി നിന്നവരുണ്ടായിരുന്നെന്നും ആരോപണമുണ്ട്.


സംഭവത്തിൽ കേസെടുത്ത എളമക്കര പോലീസ് ഇയാൾ തീവണ്ടിയിൽ കയറി രക്ഷപ്പെട്ടെന്നത് നിഷേധിച്ചു. ആ സമയത്ത് ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടിയില്ലായിരുന്നു എന്നാണ് കാരണമായി പറയുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍