നിലപാടിന്റെ കാര്യത്തിലാണ് കോൺഗ്രസിനെ വിമർശിക്കുന്നത്, രാഹുൽ മറുപടി പറയണം: മുഖ്യമന്ത്രി

കോഴിക്കോട്‌:നിലപാടിന്റെ കാര്യത്തിലാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും അതിന്‌ മറുപടി നൽകാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിൽ കാക്കൂർ, കൊടുവള്ളി, ചെറുവണ്ണൂർ എൽഡിഎഫ്‌ റാലികൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതിയിലാണ് പ്രധാന വിമർശം. പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ നിങ്ങൾ ഉണ്ടായോ? എന്തുകൊണ്ടാണ് മാറിനിന്നത്? പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌ ഡൽഹിയിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ കോൺഗ്രസുകാരെ കണ്ടിട്ടില്ല. കേരളത്തിൽ തുടക്കത്തിൽ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറായ കോൺഗ്രസ് എന്തുകൊണ്ടാണ് പിൻവാങ്ങിയത്. കേരളത്തിനുപുറത്ത് നിങ്ങൾ പൗരത്വ പ്രക്ഷോഭത്തിൽ ഭാഗമായിട്ടില്ല. കേരളത്തിലും വേണ്ട എന്ന് കേന്ദ്രനേതൃത്വമാണോ നിർദേശിച്ചത്? ആ ചോദ്യമാണ് രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്. അതിന് എന്തുകൊണ്ടാണ്‌ മറുപടി പറയാത്തത്. നാലുവർഷത്തിനുശേഷം ഇപ്പോൾ ചട്ടം കൊണ്ടുവന്നു. എല്ലാവരും പ്രതിഷേധിച്ചു. കോൺഗ്രസിന്റെ ശബ്ദം കേട്ടോ? അഖിലേന്ത്യാ പ്രസിഡന്റിനോട് പ്രതികരണം ആരാഞ്ഞപ്പോൾ രാത്രി ആലോചിച്ച് പറയാം എന്നായിരുന്നു മറുപടി. ഭാരത് ജോഡോ യാത്രയിൽ രാജ്യത്തും ലോകത്തുമുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്ന രാഹുൽ ഒഴിവാക്കിയ ഏക കാര്യം പൗരത്വ വിഷയമാണ്‌. അതുകൊണ്ടാണ് പേര് എടുത്തുപറഞ്ഞ് ചോദിക്കുന്നത്. നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ ഘട്ടത്തിലെങ്കിലും വിഷയത്തിൽ പ്രതികരിച്ചോ? എന്താണ് അറച്ചുനിൽക്കുന്നത്?
കോൺഗ്രസ് പ്രകടന പത്രികയിൽ എന്തുകൊണ്ടാണ് പൗരത്വനിയമം റദ്ദാക്കുമെന്ന് പറയാത്തത്? സംഘപരിവാർ മനസ്സുള്ളവർക്കല്ലേ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം നിൽക്കാൻ ബാധ്യതയുള്ളൂ. കോൺഗ്രസിന്‌ എങ്ങനെ ആ ബാധ്യത വരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ രാജ്യമാകെ പ്രതിഷേധിച്ചു. കോൺഗ്രസ് പ്രതിഷേധിച്ചോ? ഗൗരവമുള്ള നിലപാട് ഉണ്ടായോ? രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ബിജെപിക്കൊപ്പം ആവേശം കൊള്ളുന്നത് നാം കണ്ടു. അദ്ദേഹം ബിജെപിയിൽ ചേർന്നു. ആർഎസ്എസ് അജൻഡ നടപ്പാക്കുമ്പോൾ അതിനെ നയപരമായി എതിർക്കണ്ടെ? അതല്ലേ ഉരകല്ല്.
എൻഐഎ നിയമ ഭേദഗതിയെ കോൺഗ്രസ്‌ എതിർത്തോ? യുഎപിഎ കടുത്ത കരിനിയമമാക്കാൻ തീരുമാനിച്ചപ്പോൾ ആർക്കൊപ്പം നിന്നു? കേരളം വലിയതോതിൽ അവഗണിക്കപ്പെട്ടപ്പോൾ ഇവിടെ നിന്നുള്ള യുഡിഎഫ് എംപിമാർ ഒപ്പം നിന്നോ? കേരളത്തിന് അർഹമായ വിഹിതം തടഞ്ഞപ്പോൾ കേന്ദ്രത്തിനൊപ്പമല്ലേ നിന്നത്‌. കേരളത്തിന്റെ വാദം അംഗീകരിച്ചാണ്‌ വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത്. അത്‌ കേരളത്തിലെ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയാണ്‌. ഈ വിഷയങ്ങളിലെല്ലാം മറുപടി പറയാൻ രാഹുലിന് ബാധ്യതയില്ലേ? എന്ത് നിലപാട് സ്വീകരിച്ചു എന്ന് തലയുയർത്തി പറയാനാവണ്ടേ. അത്‌ ചോദിക്കുമ്പോൾ മറുപടി പറയാതെ വിമർശിക്കുന്നു എന്ന്‌ പറയുന്നതിൽ കാര്യമില്ലെന്നും പിണറായി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍