പയ്യന്നൂരില്‍ വീട് കുത്തിപ്പൊളിച്ച് 75 പവന്‍ മോഷ്ടിച്ചു; നഷ്ടമായത് വിവാഹത്തിന് കരുതിയ സ്വര്‍ണം

പയ്യന്നൂര്‍: പെരുമ്പയില്‍ വീട് കുത്തിപ്പൊളിച്ച് 75 പവന്‍  സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം..

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടില്‍ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. 

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് രണ്ട് മുറികളിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. വീട്ടിലുണ്ടായിരുന്നവരെല്ലാം മുകള്‍ നിലയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. 

മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്ന വടിവാളും കമ്പിയും ഇവിടെ ഉപേക്ഷിച്ചനിലയിലും കണ്ടെടുത്തിട്ടുണ്ട്. 

വീട്ടുകാര്‍ കല്ല്യാണാവശ്യത്തിന് കരുതിയിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍