ഈങ്ങാപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ചെമ്പുകമ്പി മോഷ്ടിച്ച രണ്ടാം പ്രതിയും പിടിയിൽ

താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ചെമ്പുകമ്പി മോഷ്ടിച്ച പ്രതികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യ പ്രതിയും കുട്ടികളുടെ മാല പിടിച്ചു പറിക്കല്‍ പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവുമായ പുതുപ്പാടി കക്കാട് താമസിക്കുന്ന നടുവണ്ണൂര്‍ കാവുന്തറ പാറമ്മല്‍ ബഷീര്‍, നേരത്തെ പോലീസ് പിടികൂടിയ ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ പി എസ് ഷഹാനാദ് എന്നിവരെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. തലയാട് സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയില്‍ ഈങ്ങാപ്പുഴയിലുള്ള കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് നാലാം തിയ്യതി രാത്രിയാണ് ചെമ്പ് കമ്പി മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരം ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഷഹനാദ് നാട്ടിലേക്ക് വരുന്നതിനിടെ ഈ മാസം നാലിന് പോലീസിന്റെ പിടിയാലയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണ കേസുകളിലെ പ്രതിയായ ബഷീറാണ് കൂട്ടുപ്രതിയെന്ന് വ്യക്തമായത്. മറ്റൊരു മോഷണ കേസില്‍ കുറ്റ്യാടി പോലീസ് പിടികൂടി റിമാണ്ട് ചെയ്ത ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇരുവരേയും തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. പ്രതികളെ സംഭവം നടന്ന ഈങ്ങാപുഴയിലെ കെട്ടിടത്തിലും ചെമ്പ് കമ്പി വിറ്റ കൊണ്ടോട്ടിയിലെ കടയിലും എത്തിച്ച് തെളിവെടുത്തു. കുട്ടികളുടെ മാല പിടിച്ചു പറിക്കല്‍ പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവാണ് ബഷീറെന്ന് പോലീസ് പറഞ്ഞു.

താമരശ്ശേരി ഡി വൈ എസ് പി. എം പി വിനോദിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സജേഷ് സി ജോസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, പി ബിജു, സീനിയര്‍ സി പി ഒ മാരായ ജയരാജന്‍ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, ലിനീഷ്, മുജീബ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍